ഡൽഹി മദ്യനയക്കേസ്, അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു

‍ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെയും ആംആദ്മി പാർട്ടിയുടെ ഗോവ എംഎൽഎ ദുർഗേഷ് പഥക്കിനെയും ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു.

കെജ്രിവാളുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഭാവ് കുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കെജ്രിവാളിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ബിഭാവ് കുമാറിന് അറിവുണ്ടെന്നും അതിനാൽ ഇയാളുടെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും നേരത്തെ രേഖപ്പെടുത്തിയ മൊഴിയിൽ വ്യക്തത കുറവുണ്ടെന്നും ഇഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നത്. രണ്ടാം തവണയാണ് ഇരുവരെയും ഇഡി ചോദ്യം ചെയ്യുന്നത്.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ദുർഗേഷ് പഥക്കിന് നേരത്തെ സമൻസ് നൽകിയിരുന്നു. ഗോവയിൽ ആംആദ്മി പാർട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ് ദുർഗേഷ്. മദ്യനയ അഴിമതിയിലൂടെ കിട്ടിയ പണം ഗോവയിലെ തെരഞ്ഞെടുപ്പിനായി ഇയാൾ ഉപയോഗിക്കുകയായിരുന്നു. 46 കോടി രൂപയുടെ അഴിമതിപ്പണം 2021ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ മുഖ്യ പങ്കുവഹിച്ച ആളെന്ന നിലയ്‌ക്കാണ് ദുർഗേഷ് പഥകിനെ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.