പഞ്ചാബിൽ വീണ്ടും പൊതു സ്ഥലത്ത് വെടിവെപ്പ് ; ശിവസേന നേതാവിന് പിന്നാലെ ദേരാ സച്ച സൗദ അനുയായിയും കൊല്ലപ്പെട്ടു

ഫരീദ്‌കോട്ട് : പഞ്ചാബിൽ വീണ്ടും പൊതു സ്ഥലത്ത് വെടിവെപ്പ്. ആക്രമണത്തിൽ ദേരാ സച്ചാ സൗദ അനുയായി വെടിയേറ്റ് കൊല്ലപ്പെട്ടു. ദേരാ സച്ചാ സൗദ സംഘത്തിലെ പ്രദീപ് സിംഗാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിർത്തതെന്നും പ്രദീപിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഭടൻ തിരികെ വെടിയുതിർത്തെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. അക്രമി നടത്തിയ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടു.

പഞ്ചാബിൽ ദിവസങ്ങൾക്ക് മുൻപുണ്ടായ വെടിവെപ്പിൽ ശിവസേനാ നേതാവ് സുധീർ സുരി കൊല്ലപ്പെട്ടിരിക്കുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിവെപ്പ് ഉണ്ടായത്. ബർഗാരി സംഭവവുമായി ബന്ധപ്പെട്ട വ്യക്തിയാണ് കൊല്ലപ്പെട്ട പ്രദീപ് സിംഗെന്നും ഫരീദ്‌കോട്ട് പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ രണ്ടു അജ്ഞാതരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സിഖ് മതസ്ഥരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചെന്ന പേരിൽ നടന്ന കലാപമാണ് ബർഗാരി സംഭവം. മതഗ്രന്ഥത്തിന്റെ പുറങ്ങൾ വലിച്ചു കീറി ബർഗാരി ഗുരുദ്വാരയ്‌ക്ക് മുന്നിലിട്ട വിഷയത്തിൽ വലിയ കലാപമാണ് ഫരീദ്‌കോട്ടിലുണ്ടായത്.