‘ഒരിക്കല്‍ നമ്മള്‍ ആകാശത്ത് ഒരുമിച്ച് പന്ത് തട്ടും’; മറഡോണയ്ക്ക് ആദരാഞ്ജലിയുമായി പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. ‘ഒരിക്കല്‍ നമ്മള്‍ ആകാശത്ത് ഒരുമിച്ച് പന്ത് തട്ടും’ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ്. പഅദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഞാന്‍ ഓര്‍മിക്കുന്നുവെന്ന് ലയണല്‍ മെസ്സിയും അനുസ്മരിച്ചു.

‘ലയണല്‍ മെസി. ഫുട്‌ബോള്‍ ലോകത്തിനും അര്‍ജന്റീനയ്ക്കും ഇത് വളരെ ദു:ഖമുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡിഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഞാന്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും എന്റെ അനുശോചനം അര്‍പ്പിക്കുന്നു’. മെസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇന്ന് ഞാന്‍ എന്റെ ഒരു സുഹൃത്തിനോട് യാത്ര പറയുകയാണ്. ലോകം അനശ്വരനായ ഒരു ഇതിഹാസത്തോടും യാത്ര പറയുകയാണ്. പകരക്കാരനില്ലാത്ത ഒരു മായാജാലക്കാരന്‍. അദ്ദേഹം പെട്ടെന്നാണ് പോയത്. പക്ഷേ, ഒരിക്കലും നികത്താന്‍ കഴിയാത്ത ഒരു പൈതൃകം ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയത്. ശാന്തമായി വിശ്രമിക്കുക. നിങ്ങള്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടും.’ എന്നായിരുന്നു പോച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ട്വീറ്റ്.

തങ്ങളുടെ ഇതിഹാസത്തിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘നിങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കും’ എന്ന് ട്വീറ്റ് ചെയ്തു.

ബ്യൂണഴ്‌സ് അയേഴ്‌സിലെ വീട്ടില്‍ വെച്ചായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം, മുന്‍ അര്‍ജന്റീന അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഡീഗോ മറഡോണയുടെ അന്ത്യം. 60 വയസ്സായിരുന്നു. ബ്രെയിനില്‍ രക്തം കട്ട പിടിക്കുന്ന അസുഖത്തിന് നവംബറില്‍ അദ്ദേഹത്തിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു.

1986 ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ മറഡോണയായിരുന്നു ക്യാപ്റ്റന്‍. ആ ലോകകപ്പിലാണ് ദൈവത്തിന്റെ കൈ എന്ന ലോക പ്രശസ്തമായ വിശേഷണത്തോടെ മറഡോണ ഇംഗ്ലണ്ടിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടിയത്. നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച മറഡോണ 91 മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയ്ക്കു വേണ്ടി 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 1990 ല്‍ ഇറ്റലിയില്‍ നടന്ന ഫൈനലിലേക്ക് അദ്ദേഹം തന്റെ രാജ്യത്തെ നയിച്ചു.

ഫുട്‌ബോള്‍ ജീവിതത്തിന്റെ രണ്ടാം പകുതിയില്‍, മറഡോണ കൊക്കെയിന് അടിപ്പെടുകയും 1991 ല്‍ നടത്തിയ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന്് അദ്ദേഹത്തിന് കരിയറില്‍ 15 മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 1997 ല്‍ തന്റെ 37ാം ജന്മദിനത്തില്‍ അദ്ദേഹം പ്രൊഫഷണല്‍ ഫുടോബോള്‍ ജീവിതത്തില്‍ നിന്ന് വിരമിച്ചു. 2008 ല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റതിനെത്തുടര്‍ന്ന് അദ്ദേഹം സ്ഥാനം രാജി വെച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരണമടഞ്ഞു എന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.