ദിലീപിന്റെ ആവശ്യം തള്ളി, നടിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണം, ഹൈക്കോടതി

കൊച്ചി. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആക്രമണത്തിന് ഇരയായ നടിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി കൈമാറാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വന്‍ ചര്‍ച്ചയായിരുന്നു. തന്റെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ആരോ ചോര്‍ത്തിയിട്ടുണ്ടെന്നും ഇതു പുറത്തുപോകുന്നത് തനിക്ക് മാനഹാനിയും, ജീവന് പോലും ഭീഷണിയാണെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് തടയാന്‍ നടപടി വേണം, ആരു ചോര്‍ത്തി എന്നതില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കീഴ്‌ക്കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, ഇതിന്റെ പകര്‍പ്പ് പരാതിക്കാരിയായ നടിക്ക് നല്‍കിയിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് വസ്തുതാന്വേഷണത്തിന്റെ പകര്‍ന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ ഹൈക്കോടതി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് നിര്‍ദേശം നല്‍കി. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്ന് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടത്തിയിരുന്നു. അതുപോലെ, ‍കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത് എന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്‌‍എസ്‌എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പിന്നാലെ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയിരുന്നു.

ഇതിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും റിപ്പോർട്ടിന് രഹസ്യസ്വഭാവുണ്ടെന്നും അതിനാൽ നൽകാനാവില്ല എന്നുമായിരുന്നു കോടതി നിലപാട്. തുടർന്നാണ് റിപ്പോര്‍ട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.