മരക്കാറിന് പിന്നാലെ ദീലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും ഒടിടി റിലീസിന്; സിനിമ സംഘടനകള്‍ക്ക് നിര്‍മാതാക്കള്‍ കത്തു നല്‍കി

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസാണെന്ന് ഉറപ്പിച്ചതിനു പിന്നാലെ പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു ചിത്രവും ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുന്നു.

ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രം കേശു ഈ വീടിന്റെ നാഥനാണ് ഓടിടി റിലീസിന് തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍. ചിത്രത്തിലെ ദിലീപിന്റെ മെയ്‌ക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക.

സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്.സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു