വിവാഹമോചനം നേടിയിട്ടും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന താരറാണിയായിരുന്നു പ്രിയരാമൻ. തൊട്ടതൊക്കെ ഹിറ്റുകളായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം അഭിനയിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്. രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്നും വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. 2014 ൽ രഞ്ജിത്തും പ്രിയ രാമനും വിവാഹ മോചനം നേടി, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയായിരുന്നു

ഇപ്പോളിതാ വേർപിരിഞ്ഞ ദമ്പതികൾ വീണ്ടും ഒരുമിച്ച് ജീവിതം ആഘോഷമാക്കുകയാണ്. തങ്ങളുടെ ഇരുപ്പത്തിരണ്ടാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ‘ആരാധകരുടെ സ്‌നേഹ ആശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം രഞ്ജിത്ത് ഇൻസ്റ്റഗ്രാമിൽ എഴുതിയത്. നിരവധിപ്പേരാണ് ആശംസയുമായെത്തുന്നത്. നടി രാഗസുധയെ രഞ്ജിത്ത് 2014ൽ വിവാഹം ചെയ്തു. 2015 ൽ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. തുടർന്ന് ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ ലോകത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്.

രഞ്ജിത്തുമായുള്ള വിവഹബന്ധം വേർപെടാൻകാരണം താൻ തന്നെയാണെന്ന് പ്രിയ രാമൻ പറഞ്ഞിട്ടുണ്ട്..നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ്.