നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഒഴിവാക്കിയ ചിത്രങ്ങളാണ്, ദിവ്യ പിള്ള പറയുന്നു

വിനീത് കുമാര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ദിവ്യ പിള്ള. ഇപ്പോള്‍ നടി താന്‍ സിനിമ തിരഞ്ഞെടുക്രുന്ന രീതികളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളെക്കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.

ദിവ്യയുടെ വാക്കുകള്‍, ‘തിയേറ്ററില്‍ ആള് കയറും എന്ന് തോന്നുന്ന ചില കഥകള്‍ നമുക്ക് മനസിലാകും. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. കോമഡി സിനിമകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. എനിക്ക് ഏറ്റവും ഇഷ്ടവും തമാശ സിനിമകളാണ്. ‘മിന്നാരം’, ‘നാടോടിക്കാറ്റ്’, ‘അക്കരെ അക്കരെ അക്കരെ’ തുടങ്ങിയ സിനിമകള്‍ കണ്ടാലും കണ്ടാലും മടുക്കാത്ത കോമഡി ചിത്രങ്ങളാണ്.

അക്കാലത്തെ ലാലേട്ടന്റെ കോമഡി സിനിമകള്‍ എല്ലാം സൂപ്പറാണ്. വീണ്ടും കാണാന്‍ തോന്നുന്നവ. കഥ കേട്ടിട്ട് ഞാന്‍ തന്നെ ഒഴിവാക്കിയ ചിത്രങ്ങളുണ്ട്. എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകളും ഉണ്ട്. ഒഴിവാക്കപ്പെട്ട സിനിമകളാണ് കൂടുതലും’.

‘ഊഴം’, ‘മാസ്റ്റര്‍ പീസ്’, ‘എടക്കാട് ബറ്റാലിയന്‍’, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ദിവ്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ‘കള’യാണ്. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ്ഫിഷ്’ ആണ് റിലീസിന് തയ്യാറെടുക്കുന്ന ദിവ്യയുടെ ചിത്രം.