ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾക്ക് അറുതിയില്ല,  കളമശ്ശേരിയിൽ ഡോക്ടറെ മര്‍ദിച്ച് രോഗി, ആരോഗ്യവകുപ്പ് നോക്കുകുത്തിയാകുന്നു

ഇടപ്പള്ളി: ഡോക്ടര്‍ക്കു നേരെ വീണ്ടും ആക്രമണം. കളമശ്ശേരി മെഡിക്കല്‍ കോളേജിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റെത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പോലീസ് പിടികൂടി.

ഈ സമയം യുവാവ് മദ്യലഹരിയിലായിരുന്നു, അങ്ങനെ അപകടമുണ്ടായി ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നാലെ തന്നെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.

പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് രോഗിയുടെ കുത്തേറ്റ് മരിച്ച സംഭവത്തോടെ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

5 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ആരോഗ്യവകുപ്പ് ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി എടുത്താൽ മാത്രമേ ഇതിന് തടയിടാനാകു. ജീവൻ രക്ഷിക്കുന്നവരുടെ ജീവൻ എടുക്കുന്ന നടപടി തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.