ഡോക്ടര്‍ വന്ദന കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ യു പി സ്‌കൂള്‍ അധ്യാപകന്‍ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. പ്രതിക്ക് മറ്റുള്ളവരെ ഉപദ്രവിക്കാനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും താല്പര്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരി ഉപയോഗം പ്രതിയുടെ മാനസികാവസ്ഥയില്‍ മാറ്റംവരുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നതിന് തെളിവ് ലഭിച്ചിട്ടില്ല. അതേസമയം പ്രതി അക്രമസക്തനായിരുന്നതിനാല്‍ രക്ത സാംപിള്‍ ശേഖരിക്കുവാന്‍ സാധിച്ചില്ല. റിമാന്‍ഡ് ചെയ്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. അതേസമയം മദ്യപിച്ചിരുന്നതായും പിന്നീട് നിര്‍ത്തി ചികിത്സ തേടിയെന്ന് ഡോക്ടറോട് പ്രതി പറഞ്ഞിരുന്നു.

അതേസമയം മദ്യപാനം നിര്‍ത്തിയ ശേഷം വീണ്ടും മദ്യപിച്ചതാകാം പ്രതി അക്രമസക്തനാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും പഠിച്ച ശേഷമുള്ള നിഗമനങ്ങളാണ് പറഞ്ഞിരിക്കുന്നത്.