ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ആക്രമിച്ച സംഭവം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം. ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധു ആക്രമിച്ച സംഭവത്തില്‍ ശക്തമായ സമരവുമായി ഡോക്ടര്‍മാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രിയിലെ പിജി ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സമരം. കഴിഞ്ഞ ബുധനാഴ്ചയാണ് സമരത്തിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് തള്ളിയിടുകയും വയറ്റില്‍ ചവിട്ടുകയുമാണ് ഉണ്ടായത്.

രോഗി മരിച്ച സംഭവം അറിയിച്ച ഡോക്ടറെയാണ് കൊല്ലം സ്വദേശിയായ സെന്തല്‍കുമാര്‍ ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. സമരത്തിന്റെ ഭാഗമായി ഒപിയും കിടത്തി ചികിത്സയും നടത്തുന്നയിടത്തെ ഡ്യൂട്ടി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുന്നതിനാല്‍ ഇവിടെ എത്തുന്ന രോഗികളെ സമരം ബാധിക്കും. എന്നാല്‍ അത്യാഹിത വിഭാഗം ഐസിയു, ലേബര്‍ റൂം എന്നിവിടങ്ങളില്‍ സമരം ബാധകമാവില്ല.

സമരത്തിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന കെജിഎംസിടിഎയും ചേര്‍ന്നാണ് മാര്‍ച്ച്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമരത്തെ പിന്തുണയ്ക്കും.