ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് ഫ്‌ളോറിഡയിലേക്ക് യാത്രയായി

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് നിലവിലെ പ്രസിഡന്റ് അധികാരമൊഴിഞ്ഞ് വൈറ്റ് ഹൗസ് വിട്ടു. ബൈഡന്റെ സത്യപ്രതിജ്ഞാചചടങ്ങിന് നില്‍ക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വാഷിംഗ്ടണ്‍ വിട്ടത്. 152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്.

എയര്‍ഫോഴ്‌സ് വണ്ണില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപും ഭാര്യയും യാത്ര തിരിച്ചിരിക്കുന്നത്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തിരിച്ചുവരുമെന്ന് സൂചന നല്‍കിയാണ് ട്രംപ് മടങ്ങുന്നത്. തന്റെ ഭരണകാലത്തെ നാല് വര്‍ഷങ്ങള്‍ മഹത്തരമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഏറ്റവും വലിയ നികുതി കിഴിവ് നല്‍കിയെന്നും അമേരിക്കന്‍ ഐക്യം ഊട്ടി ഉറപ്പിച്ചെന്നും ട്രംപ് പറഞ്ഞു കൊവിഡ് വാക്‌സിന്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചുവെന്ന് എടുത്തു പറഞ്ഞ ട്രംപ് തന്റെ ഭരണ നേട്ടങ്ങള്‍ ഓരോന്നായി വിടവാങ്ങല്‍ പ്രസംഗത്തില്‍ എണ്ണിപ്പറഞ്ഞിരുന്നു.

കൊറോണ വൈറസ് അമേരിക്കയെ വലിയ രീതിയില്‍ ബാധിച്ചതായും ട്രംപ് തുറന്ന് സമ്മതിച്ചു. ഭീകരമായിരുന്നു കൊറോണ വൈറസ്. അതിന്റെ ഇരകളാകേണ്ടി വന്ന കുടുംബങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നു. വൈറസിനെ നേരിടാന്‍ ആരോഗ്യ അത്ഭുതമായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. അതായിരുന്നു വാക്‌സിന്‍. കൊറോണ ഒരു ചൈന വൈറസ് ആണെന്ന് ആവര്‍ത്തിക്കാനും ട്രംപ് മറന്നില്ല. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അനുയായികളെ ട്രംപ് ആവേശത്തിലാക്കുകയും ചെയ്തു. മികച്ച നാല് വര്‍ഷമാണ് പൂര്‍ത്തിയായത്. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനായി, ട്രംപ് പറഞ്ഞു.

മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ യുഎസ് സൈനികരെയും ട്രംപ് അഭിസംബോധന ചെയ്തു. തന്റെ ഭരണകാലത്ത് സൈനികര്‍ക്കായി ചെയ്ത കാര്യങ്ങള്‍ ഏത് തലത്തിലും വിസ്മയിപ്പിക്കുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് വട്ടം ഇംപീച്ച്‌മെന്റിന് വിധേയനായ പ്രസിഡന്റെന്ന പേരുമായിട്ടാണ് ട്രംപ് പടിയിറങ്ങുന്നത്.

അതേസമയം വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ പിന്‍ഗാമികള്‍ക്ക് ആശംസയര്‍പ്പിക്കാന്‍ ട്രംപ് മറന്നില്ല. എന്നാല്‍ ബൈഡന്റേയോ കമലാ ഹാരിസിന്റേയോ പേരെടുത്ത് പറയാതെയായിരുന്നു ആശംസകള്‍. പുതിയ സര്‍ക്കാരിനായി പ്രാര്‍ത്ഥിക്കുന്നു എന്നും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തിലാണ് ട്രംപ് ബൈഡന്റെ പേര് പരാമര്‍ശിക്കാതെ പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്ന് പ്രസംഗിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

പുതിയ സര്‍ക്കാരിന്റെ വിജയത്തിനായും അമേരിക്കയെ സുരക്ഷിതമായും അഭിവൃദ്ധിയിലും സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ആശംസകളും ഭാഗ്യവും നേരുന്നു. ഭാഗ്യം എന്നത് വളരെ നിര്‍ണയകമായ ഒരു പദമാണ് എന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് പദവിയൊഴിഞ്ഞ് പടിയിറങ്ങുമ്പോഴും ട്രംപിന് ബൈഡനോടുള്ള നീരസം അവസാനിക്കുന്നില്ല എന്ന വ്യക്തമാക്കുന്നതായിരുന്നു ബൈഡന്റെ പേര് പരാമര്‍ശിക്കാതെയുള്ള ആശംസാ സന്ദേശം.