ഡ്രസ് ചെയ്തപ്പോൾ വേദനിച്ചു, തലസ്ഥാനത്ത് ഡോക്‌ടറെ അധിക്ഷേപിച്ചയാൾ പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ അധിക്ഷേപിച്ച രോഗിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈ മുറിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തിയ പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ശബരി ബഹളം വയ്ക്കുകയും ഡോക്‌ടറെ അധിക്ഷേപിക്കുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

കന്റോൺമെന്റ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവസമയം പ്രതി ലഹരിയോ മദ്യമോ ഉപയോഗിച്ചോയെന്നത് സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കളമശേരി മെഡിക്കൽ കോളേജിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം ഉണ്ടായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആൾ ഡോക്‌ടർക്ക് നേരെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ചിലർക്കുനേരെയും ആക്രമണം നടത്തി.

വാഹനം അപകടത്തിൽപ്പെട്ടാണ് യുവാവ് ആശുപത്രിയിലെത്തിയത്. വന്നതുമുതൽ അസ്വാഭാവിക പെരുമാറ്റമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ചികിത്സിക്കാനെത്തിയ ഡോക്‌ടർ ഇർഫാൻ ഖാനോട് തട്ടിക്കയറുകയും മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി. ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും ഡോക്‌ടർ ഇർഫാൻ നൽകിയ പരാതിയിലുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.