ഡോ വന്ദന ദാസിന്റെ കൊല, സർക്കാർ ഡോക്ടർമാർ സമരം പിൻവലിച്ചു

കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. എന്നാൽ വിഐപി ഡ്യൂട്ടി ബഹിഷ്കരണം ഡോക്ടർമാർ തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറയുകയുണ്ടായി.

ഇതിനിടെ, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കും. വര്‍ഷത്തില്‍ രണ്ടു തവണ ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രികളില്‍ കഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാരെ നിയമിക്കുന്നത് പരിഗണനയിലാണ്.