ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം

ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിലെ അർണിയ സെക്ടറിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ കടന്നു പോയി. പരിശോധനയില്‍ മൂന്ന് ചെറിയ ടിഫിന്‍ ബോക്സുകളിലാക്കിയ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. നേരത്തെ സ്ഫോടക വസ്തുക്കൾ ടിഫിൻബോക്സിലാക്കി ഡ്രോണ് ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.

കുട്ടികൾ ഉപയോഗിക്കുന്ന മൂന്ന് ടിഫിൻ ബോക്സിലാക്കി ടൈം ബോംബുകൾ അതിർത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകർത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോൺ സാന്നിധ്യം കണ്ടത്.

ദായരന്‍ മേഖലയില്‍ ഡ്രോണിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ബിഎസ്എഫ് വെടിവെച്ചിട്ടെങ്കിലും ഡ്രോൺ തകർക്കാനായില്ല. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി കടന്നെത്തിയെന്നതാണ് സംശയം. വിവിധ സമയങ്ങളിലായി സ്ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു.