ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റു

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിൽ പുതിയ ചരിത്രം. ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിത ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി

രാഷ്ട്രപതിയാകുന്ന ​ഗോത്രവിഭാ​ഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ ശങ്കർ ദീക്ഷിത് ലെയ്‌നിൽ നിന്ന് രാവിലെ 08.15 ന് രാജ്ഘട്ടിൽ എത്തി. ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ സെൻട്രൽ ഹാളിലേക്കാനയിച്ചു.

ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിട്ട രാഷ്ട്രപതി, സെൻട്രൽ ഹാളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഡൽഹിയിൽ വലിയ ആഘോഷപരിപാടികൾ ഒരുക്കിയിരുന്നു . രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് എത്തി. ആദിവാസി മേഖലകളിൽ രണ്ടു ദിവസം നീളുന്ന ആഘോഷപരിപാടികൾ ബിജെപി സംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന 9 ജൻപഥിലേക്ക് താമസം മാറ്റും.