ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും നിർണായകമായ, മരുന്നുസുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര അനാസ്ഥ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ പോലെ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും നിർണായകമായ, മരുന്നുസുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര അനാസ്ഥ.

കാൽലക്ഷത്തിലേറെ മെഡിക്കൽ സ്റ്റോറുകളും ആറായിരം കോടി വാർഷിക വിറ്റുവരവുമുള്ള കേരളത്തിലെ ആരോഗ്യമേഖലയിൽ വന്നുമറിയുന്ന മരുന്നുകൾ എത്രമാത്രം സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരിശോധിക്കേണ്ട ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിഷ്ക്രിയത്വം തുടരുകയാണ്.

സംസ്ഥാനത്ത് ആകെയുള്ളത് 47 ഡ്രഗ് ഇൻസ്‌പെക്ടർമാർ. പരിശോധന കാര്യക്ഷമാക്കാൻ കുറഞ്ഞത് 61പേർ കൂടിയെങ്കിലും വേണം.

സാമ്പത്തിക പ്രതിസന്ധിയാണെന്ന ന്യായത്തിൽ പുതിയ തസ്‌തികകൾ സൃഷ്ടിക്കുന്നില്ല. കഴിഞ്ഞ സർക്കാരിലും ഇതിന്റെ ഫയൽ മടക്കി. 1998നുശേഷം ഡ്രഗ് ഇൻസ്‌പെക്ടറുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല.

തിരുവനന്തപുരത്ത് മാത്രം ലാബ് ഉണ്ടായിരുന്നപ്പോഴത്തെ തസ്‌തികകളാണ് ഇപ്പോഴും. എറണാകുളത്തും തൃശൂരും ലാബ് വന്നെങ്കിലും സാമ്പിളുകൾ ലഭ്യമാക്കാൻ ഇൻസ്‌പെക്ടർമാരില്ല. കോന്നിയിൽ പുതിയ ലാബിന്റെ നടപടി അന്തിമഘട്ടത്തിൽ. കോഴിക്കോടും കണ്ണൂരും ഫയൽ നീക്കം സജീവം. മരുന്നുകൾ കൂടാതെ മെഡിക്കൽ ഉപകരണങ്ങളും സൗന്ദര്യ വർദ്ധക വസ്തുക്കളും പരിശോധിക്കണം.