വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് പോലീസ് ജീപ്പ്, മദ്യലഹരിയിൽ ആയിരുന്ന പോലീസുകാര്‍ പിടിയിൽ

ചെന്നൈ : മദ്യലഹരിയിൽ ഔദ്യോഗീക വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ രണ്ട് പോലീസുകാര്‍ പിടിയില്‍. കോണ്‍സ്റ്റബിള്‍മാരായ ശ്രീധര്‍ അരുള്‍മണി എന്നിവരാണ് മദ്യലഹരിയില്‍ ഔദ്യോഗിക വാഹനം ഓടിച്ച് അശോക് നഗറിലെ, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ടൂ വീലറും ഒരു കാറും ഇടിച്ചുതെറിപ്പിച്ചത്.

വെള്ളിയാഴ്ച തമിഴ്‌നാട് റാണിപ്പെട്ട് ജില്ലയിലാണ് സംഭവം. തമിഴ്‌നാട് പൊലീസിന്റെ ഔദ്യോഗിക എസ്‌യുവി വാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. വിരുഗമ്പാക്കത്തെ തൈഷ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ നിന്ന് അഭിരാമപുരത്തെ തമിഴ്‌നാട് കമാന്‍ഡോ ഫോഴ്‌സ് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ചേർന്ന് മദ്യപിക്കുകയായിരുന്നു.

മദ്യലഹരിയിൽ ആയിരുന്നിട്ടും ഇരുവരും വാഹനം ഓടിക്കുന്നത് തുടർന്നു. ഇതിനിടെ വാഹനം ഓടിച്ചിരുന്ന ശ്രീധറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും സൈക്കിളും കാറും ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. വാഹനങ്ങളിൽ ആളുകൾ ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി.

നിരവധി വാഹങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു.