അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്, കടുത്ത നടപടി ഒഴിവാക്കണം, ഒടുവിൽ മുട്ടുമടക്കി സഞ്ജു ടെക്കി

ആലപ്പുഴ : MVDയെ കളിയാക്കിയ സഞ്ജു ടെക്കി ഒടുവിൽ മുട്ടുമടക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ച് യാത്ര ചെയ്ത് ദൃശ്യങ്ങള്‍ യൂടൂബിലിട്ട് കുടുങ്ങിയ വ്‌ലോഗര്‍ സഞ്ജു ടെക്കി സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ നല്‍കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലായിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടി ഉണ്ടാവരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെടുന്നു. വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.

അതിനിടെ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം തുടരുകയാണ്.ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസമാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയത്. ഇനി 11 ദിവസം കൂടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യേണ്ടതുണ്ട്. രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക് 2 മണി വരെയാണ് സേവനം ചെയ്യേണ്ടത്.

യൂട്യൂബില്‍ നാല് ലക്ഷം ഫോളോവേഴ്‌സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി ദൃശ്യങ്ങള്‍ യൂട്യൂബിലിട്ടത്. വീഡിയോ വയറലായതോടെ ഹൈക്കോടതിൽ ഉൾപ്പടെ ഇടപെടുകയും വ്ലോഗർക്കെതിരെ കടുത്ത നടപടി എടുക്കാൻ നിർദേശിക്കുകയും ആയിരുന്നു.