സാമ്പത്തിക പ്രതിസന്ധി വന്നതുകൊണ്ടാണ് ഉച്ചഭക്ഷണ വിതരണം നിര്‍ത്തിയത്, കടം വീട്ടിയത് വായ്പ എടുത്ത്

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് കുട്ടികള്‍ക്കായിട്ടുള്ള ഉച്ചഭക്ഷണ വിതരണം നിര്‍ത്താന്‍ കാരണമെന്ന് കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജെപി അനീഷ്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കേണ്ടി വന്നത്.

അതേസമയം എന്തെങ്കിലും ഇടപെടലുണ്ടായാല്‍ ഉച്ചഭക്ഷണ വിതരണം തുടരും. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ട് ലഭിക്കാത്തതിനാലാണ് പണം നല്‍കാന്‍ കഴിയാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി അടക്കം ഇടപെടണമെന്നും എത്രയും വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രണ്ടര ലക്ഷത്തോളം രൂപയുടെ ചിലവുണ്ടായി. രണ്ട് ലക്ഷം വായ്പ എടുത്ത് ജൂലൈ വരെയുള്ള കടം വീട്ടി. ഓഗസ്റ്റ് 27ന് കരകുളം സഹകരണ ബാങ്കില്‍ നിന്നും പലിശയ്ക്ക് പണം എടുത്താണ് കടകളില്‍ നല്‍കാനുള്ള പണം അധ്യാപകന്‍ നല്‍കിയത്.