അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്റെ പേരിലുള്ള ഫണ്ടിലും തട്ടിപ്പ്

തിരുവനന്തപുരം. അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. തട്ടിപ്പ് ആരോപണത്തില്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികള്‍ സിപിഐഎമ്മിനും ഡിവൈഎഫ്‌ഐ നേതൃത്വത്തിനും പരാതി നല്‍കി.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് മേഖല കമ്മറ്റികള്‍ പരാതി നല്‍കിയത്. പരാതി പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍എത്തിയതോടെ നടപടിയുണ്ടാകും. പരിച്ചെടുത്ത അഞ്ച് ലക്ഷം രൂപ ജില്ലാ കമ്മറ്റിക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

ആരോപണം ഉയര്‍ന്നതോടെ രണ്ട് ലക്ഷം രൂപ പിന്നീട് നല്‍കി. പി ബിജുവിന്റെ ഒര്‍മ്മക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സും വാങ്ങുവനാണ് പണം പിരിച്ചത്. ഇത് പ്രകാരം പിരിച്ചെടുത്ത 11 ലക്ഷം രൂപ മേല്‍ക്കമ്മറ്റിക്ക് നല്‍കി ആംബുലന്‍സ് മേടിക്കുവാന്‍ മാറ്റിവെച്ച പണം വകമാറ്റി ചിലവഴിച്ചുവെന്നാണ് ആരോപണം.

പണം പിരിച്ചെടുക്കുന്ന സമയത്ത് പാളയം ലോക്കല്‍ സെക്രട്ടറിയായിരുന്നു ഷാഹിന്‍. അതേസമയം ആരോപണവിധേയനായ ഷാഹിനെ സംരക്ഷിക്കുന്ന നടപടിയാണ് സംസ്ഥാന നേതൃത്വം നടപ്പിലാക്കുന്നതെന്ന് മേഖല കമ്മറ്റികള്‍ ആരോപിക്കുന്നു.