ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു, ഡിവൈഎഫ്ഐ നേതാവ് എൻ.വി വൈശാഖനെതിരെ ആരോപണം

തൃശൂര്‍. നീയെന്തിനാ പരാതി കൊടുത്തേ. നിനക്ക് പൈസയാണോ ആവശ്യം. നീ കേസ് പിൻവലിക്ക്’- ക്വാറി ഉടമയ്‌ക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ പരാതിക്കാരന് പണം വാ​ഗ്ദാനം ചെയ്തു. ഡിവൈഎഫ്‌ഐ നേതാവ് എന്‍വി വൈശാഖനെതിരെ വീണ്ടും ആരോപണം. തൃശൂർ വെള്ളിക്കുളങ്ങരയിലെ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് വൈശാഖൻ പണം വാ​ഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

പരാതിക്കാരൻ അജിത് കൊടകരയ്‌ക്കാണ് ഡി.വൈ.എഫ്.ഐ നേതാവ് പണം വാഗ്ദാനം ചെയ്തത്. ക്വാറിക്കെതിരെ പരാതി പറയുന്ന അജിത്തിന് മുന്നിൽ ഒരു മാടമ്പിയെ പോലെ ഇരുന്ന് എൻ.വി വൈശാഖൻ പണം നൽകാമെന്ന് പറയുകയാണ്. പരാതി പിൻവലിച്ചാൽ ക്വാറി ഉടമയിൽ നിന്നും പണം വാങ്ങി നൽകാമെന്ന് വൈശാഖൻ പറയുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഒരു വർഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

അജിത് പരാതി പറയുമ്പോൾ, ‘അതൊക്കെ എന്തെങ്കിലുമാവട്ടെ. നീ എന്താണ് ഉദ്ദേശിക്കുന്നത്. നീ പൈസയുടെ കാര്യം പറയൂ. കാര്യം പറയടാ ചെക്കാ. പറയുമ്പോൾ എനിക്ക് ഒരു ലക്ഷം രൂപ കൂട്ടി പറഞ്ഞോ. നീയെന്തിനാ പരാതി കൊടുത്തേ. നിനക്ക് പൈസയാണോ ആവശ്യം. നീ കേസ് പിൻവലിക്ക്’- എന്നാണ് എൻ.വി വൈശാഖൻ പറയുന്നത്.