ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ നിയമ ലംഘനം നടത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വാക്‌പോര്

വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡില്‍ ആയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് പോര് മുറുകുന്നു. ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ മുന്‍ വീഡിയോകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ആരാധകരുടെയും വിമര്‍ശകരുടേയും പോര്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നേരത്തെയും നിയമ ലംഘനങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ബിഹാറില്‍ യാത്രയ്ക്കിടെ വാഹനം സൈറണ്‍ മുഴക്കിയും ഹോണ്‍ മുഴക്കിയും അമിത വേഗതയില്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ മുന്‍പ് പങ്കുവച്ചിരുന്നു. റോഡുകളിലെ ആളുകളെയും മറ്റ് വാഹനങ്ങളെയും മാറ്റാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന വിശദീകരണത്തോടെയാണ് വീഡിയോ പങ്കവച്ചത്. ഇപ്പോള്‍ ഈ വിഡിയോകള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് പോര് മുറുകുകയാണ്.

യാത്രയ്ക്കിടെ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ യുവ തലമുറയ്ക്ക് നല്‍കുന്നത് ഡ്രൈവിങ് മര്യാദകളേക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന് ആരും സൈഡ് തരാത്തതിനാല്‍ ഹോണ്‍ അടിച്ച് യാത്ര ചെയ്യുക മാത്രമാണ് മാര്‍ഗമാണെന്നും മറ്റും ഈ വീഡിയോയില്‍ വ്‌ലോഗര്‍ സഹോദരന്മാരായ ലിബിനും എബിനും പറയുന്നുണ്ട്. ആരെങ്കിലും ചോദിച്ചാല്‍ സെന്‍ട്രല്‍ ലോക്ക് തകരാറിലാണെന്നും മറ്റും വ്‌ലോഗര്‍മാര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും.

അധികം വാഹനങ്ങളൊന്നുമില്ലാത്ത നിരത്തില്‍ വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഈ സഞ്ചാരമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്‌ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവരും മോട്ടോര്‍ വാഹന വകുപ്പിനേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും അക്രമത്തിന് ആഹ്വാനം നല്‍കിയവരും പൊലീസ് നിരീക്ഷണത്തിലാണ് ഉള്ളത്. മോഡിഫിക്കേഷന്‍ നടത്തിയ വാഹനത്തിന്റെ ലൈറ്റും മറ്റ് ശബ്ദ വിന്യാസങ്ങളും വിശദമാക്കുന്ന വീഡിയോകളും ഇതിനോടകം പ്രചരിക്കുന്നുണ്ട്.

വാഹനത്തിന്റെ നിറം, എട്ട് സെര്‍ച്ച് ലൈറ്റുകള്‍,ടയറുകളിലെ മോഡിഫിക്കേഷന്‍, അനുമതിയില്ലാതെ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചത്,വാഹനത്തിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ ഘടിപ്പിച്ച സൈക്കിളുകള്‍,ടെംപോ ട്രാവലറിന് കാരവാന്‍ ആക്കിയത് മാര്‍ഗ നിര്‍ദേശങ്ങള് പാലിച്ചാണോയെന്ന് വ്യക്തതയില്ല, ബ്രേക്ക് ലൈറ്റ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയടക്കമുള്ള ഒന്‍പത് നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ വാഹനത്തിലുള്ളത്.

https://youtu.be/JMY-S24CKWo