കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമുണ്ടെന്ന് ഇഡി

തൃശൂർ. കരുവന്നൂർ കേസിലെ മുഖ്യ പ്രതി പി. സതീഷ് കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കരുവന്നൂർ കേസിലും കുഴൽപ്പണ സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നി​ഗമനത്തിൽ ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാർ കുഴൽപ്പണ സംഘങ്ങളുമായി ബന്ധപ്പെട്ടതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. സതീഷ് കുമാറിന്റെയും, ഒപ്പം പണം കൈകാര്യം ചെയ്ത ഉന്നതരുടെ പണവും വെളുപ്പിക്കുന്നതിൽ കള്ളപ്പണ ഇടപാടുകാരുടെ പങ്കാളിത്തവുമാണ് ഇഡി കണ്ടെത്തിയത്.

രണ്ട് വിദേശ മലയാളികളുടെ അക്കൗണ്ടുകളിൽ പണമെത്തിയതിന്റെ വിവരങ്ങളും ഇഡി ശേഖരിച്ചു. ജയരാജൻ, പി. മുകുന്ദൻ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് സതീഷ് കുമാർ വഴി പണമെത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്ന് സമാഹരിച്ച തുക എവിടെയെല്ലാം നിക്ഷേപിച്ചെന്ന അന്വേഷണത്തിലാണ് ജയരാജൻ, പി മുകുന്ദൻ എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയത്. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന കൂടുതൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ന് ചോദ്യം ചെയ്യലിനെത്താൻ സമൻസ് ലഭിച്ച വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലറും, സിപിഎം നേതാവുമായ മധു അമ്പലപുരം ഹാജരായില്ല. കൊച്ചിയിലെത്തിയ മധു അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. പി. സതീഷ് കുമാറിന്റെ സഹോദരൻ പി. ശ്രീജിത്ത് ഇന്നും ഇഡിയ്‌ക്ക് മുൻപിൽ ഹാജരായി. ശ്രീജിത്തിന്റെ പേരിലും സതീഷ് കുമാർ നിക്ഷേപങ്ങൾ നടത്തിയിരുന്നു. സതീഷ് കുമാറിന്റെ ഇടപാടുകളിൽ ശ്രീജിത്തിന്റെ പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ഇഡിയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റായ സനൽ കുമാറിനെയും ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്തു.