മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക ഇപാടുകള്‍ അന്വേഷിക്കാന്‍ ഒരുങ്ങി ഇഡി

വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.സ്വര്‍ണക്കെടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്. വീണാ വിജയന്റെ ഐടി കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയനില്‍ നിന്നും ഇഡി വിവരങ്ങള്‍ ശേഖരിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ക്രൈംബ്രാഞ്ച് തന്നെ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസില്‍ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് പറഞ്ഞു.

എച്ച്.ആര്‍.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും നാള്‍ അന്നം തന്നതിന് അവരോട് നന്ദിയുണ്ട്. എന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്നാണ് സ്വപ്‌നയുടെ ചോദ്യം. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.