മദ്യനിരോധനം ലംഘിച്ചുവെന്ന ആരോപണം, ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ അന്വേഷണം വേണമെന്ന് ബിജെപി

പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറിലെ മദ്യനിരോധനം ലംഘിച്ച് മദ്യപിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി. പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട ആർജെഡി ലെജിസ്​ലേറ്റീവ് കൗൺസിൽ അംഗം റാംബാലി സിങാണ് തേജസ്വി മദ്യപിക്കാറുണ്ടെന്ന സൂചന നൽകിയത്.

തേജസ്വി യാദവ് അധികാരത്തിൽ തുടരുന്നിടത്തോളം കാലം ബിഹാറിൽ മദ്യം കഴിച്ചിരുന്നതായി ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽസി രാംബാലി സിംഗ് ചന്ദ്രവൻഷി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ തേജസ്വി മദ്യപിക്കുമോയെന്ന ചോദ്യത്തിനു താൻ നൽകിയ മറുപടി പൊതുവായി പറഞ്ഞതാണെന്നും തേജസ്വിയുടെ പേര് എടുത്തു പറഞ്ഞിരുന്നില്ലെന്നും റാംബാലി സിങ് വിശദീകരിച്ചു. മദ്യനിരോധനത്തിനു ശേഷവും മദ്യപർക്കു മദ്യം കിട്ടുന്നുണ്ടെന്നു മാത്രമാണു താൻ പറഞ്ഞതെന്നും റാംബാലി സിങ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാർ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു

2016 മുതൽ ബീഹാറിൽ മദ്യത്തിൻ്റെ ഉപഭോഗം, വിൽപന, സംഭരണം എന്നിവയ്ക്ക് പൂർണ്ണ നിരോധനമുണ്ട്. “നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, തേജസ്വി യാദവും സംസ്ഥാനത്തെ സാധാരണ പൗരന്മാർക്ക് ചുമത്തിയതിന് സമാനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” സുശീൽ മോദി പറഞ്ഞു. .