![mohanan](https://thekarmanews.com/wp-content/uploads/2024/06/mohanan.jpg)
വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്.
പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 60 വയസായിരുന്നു. മോഹനൻ ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയം ഇന്നലെ രാവിലെ നടന്നിരുന്നു. അയൽ വീട്ടിലെ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം ചെയ്തത്.
വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തുകയും ലളിതയുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ഇയാൾ ലളിതയെ കസേര എടുത്തു അടിക്കുന്നത് തടയാൻ എത്തിയപ്പോഴായിരുന്നു മോഹനൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ശരീരത്തിൽ അക്രമം ഏറ്റതിന്റെ പാടുകൾ ഒന്നും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നുമാണ് പോലീസ് പറഞ്ഞത്. ചന്ദ്രനെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.