മൊബൈലിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ചാർജ് ചെയ്യാൻവെച്ച മൊബൈലിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കടയിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വിളവൂർക്കൽ സ്വദേശി ഷിജിനാണ് മരിച്ചത്. പരിക്കേറ്റ ഷിജിന്റെ പിതാവ് ഷാജിയെ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാവ് പിതാവിനൊപ്പം തൊഴുത്തിൽ ജോലി ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. തൊഴുത്തിന് സമീപമുള്ള സ്വിച്ച് ബോർഡിൽ ഷിജിൻ ഫോൺ കുത്തിവെച്ചിരുന്നു. ഇതിനിടെ ഫോൺ എടുത്തപ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഇതിനിടെ കയ്യിൽ കിട്ടിയ കമ്പ് കൊണ്ട് ഫോണിലെ വയർ വേർപെടുത്താൻ ഷാജി ശ്രമിച്ചു. ഇതോടെ പിതാവിനും ഷോക്കേറ്റു.

നാട്ടുകാർ ശബ്ദംകേട്ട് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിജിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.