ചൂട് സഹിക്കാൻ വയ്യാതെ ഫാൻ വീട്ടിൽ നിന്നെത്തിച്ചു ; കിടപ്പുരോഗിയിൽ നിന്ന് വൈദ്യുതി ബിൽ ഈടാക്കി ആശുപത്രി അധികൃതർ

തിരുവനന്തപുരം : ആരോഗ്യവകുപ്പിനെ തന്നെ നാണംകെടുത്തുന്ന നടപടിയുമായി നെടുമങ്ങാട് ജില്ലാ ആശുപത്രി. ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്നെത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന് കിടപ്പുരോഗിയിൽ നിന്ന് ആശുപത്രി അധികൃതർ പണം ഈടാക്കി. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്.

അധികൃതർ പണം ഈടാക്കിയതിന് രസീത് അടക്കം നൽകിയിട്ടുണ്ട്. വാർഡിൽ ഫാൻ ഉണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. ആശുപത്രിയിലെ അസഹനീയമായ ചൂടിൽ നിന്ന് രക്ഷ തേടാനായാണ് ഫാൻ ഇല്ലാതിരുന്ന വാർഡിലേക്ക് ടേബിൾ ഫാൻ എത്തിച്ചതെന്ന് രോഗിയും വീട്ടുകാരും പ്രതികരിച്ചു.

എന്നാൽ ഇലക്ട്രിക് ഉപകരണങ്ങൾ പുറത്തുനിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുള്ള ആശുപത്രി ചെലവാണ് ഈടാക്കിയതെന്നാണ് ആശുപത്രി സൂപ്രണ്ട് നൽകിയ വിശദീകരണം. കിടപ്പുരോഗി ആയതിനാൽ ഡിസ്ചാർജ് സമയത്ത് തുക തിരിച്ചുനൽകുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം