അതിരപ്പള്ളിയിൽ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പ്ലാന്റേഷന്‍ തൊഴിലാളിക്ക്‌ വീണു പരിക്കേറ്റു

അതിരപ്പിള്ളി: കാലടിയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പ്ലാന്റേഷന്‍ തൊഴിലാളിക്ക്‌ വീണു പരിക്കേറ്റു. അതിരപ്പിള്ളി ഡിവിഷന്‍ 16-ല്‍ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളി പാറേക്കാടന്‍ ബിജുവി(50)നാണ് പരിക്കേറ്റത്.

രാവിലെ ടാപ്പിങ്ങിന് പോയ ബിജു റബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു. ഒമ്പത് കാട്ടാനകളടങ്ങിയ കൂട്ടത്തെ ശബ്ദമുണ്ടാക്കി ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവ ബിജുവിനെ ലക്ഷ്യമാക്കി ഓടി. ഇതേത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ഓടിയ ബിജു നെഞ്ചിടിച്ച് വീണാണ് പരിക്കേറ്റത്.

ഓടിയെത്തിയ മറ്റ് തൊഴിലാളികള്‍ ബഹളംവെച്ച് കാട്ടാനക്കൂട്ടത്തെ തുരത്തി. തുടര്‍ന്ന് ബിജുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.