കാർ കുത്തിമറിക്കാൻ ശ്രമിച്ച് കാട്ടാനക്കൂട്ടം, ആക്രമണം നാടുകാണി ചുരത്തിൽ

മലപ്പുറം : നാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കുട്ടിയാന ഉൾപ്പെടെ നാല് ആനകളാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവ റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചുരംവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാന കാർ കുത്തി മറിച്ചിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

യാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫിസർ ബോബി കുമാർ മുന്നറിയിപ്പ് നൽകി. അതേസമയം, വയനാട്‌ പനമരം പരിയാരത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക്‌ തുരത്തി. രണ്ട് കൊമ്പന്‍മാരെ നീര്‍വാരം പാലത്തിന് സമീപത്ത് കൂടി അമ്മാനി വനത്തിലേക്ക് കയറ്റി. വനം വകുപ്പ്‌ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ്‌ ആനകളെ തുരത്തിയത്‌.

ഒരു പിടിയാനയെയും കുട്ടിയാനയും കൂടി ജനവാസമേഖലയിലുണ്ട്‌. കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത്‌ ആനകളുടെ സാന്നിദ്ധ്യമുണ്ട്‌. ജനങ്ങൾ ജാഗ്രത പുലർത്താൻ വനം വകുപ്പ്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.