എയർ ഇന്ത്യ വിമാനത്തിൽ എഞ്ചിൻ തകരാർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പുറപ്പെടാൻ വൈകുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. എ1 133 നെടുമ്പശ്ശേരി- ദുബായ് വിമാനമാണ് വൈകുന്നത്. 9.50 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എഞ്ചിൻ തകരാർ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് എഞ്ചിന് സാങ്കേതിക തകരാർ ഉണ്ടായതായി യാത്രക്കാരെ അറിയിച്ചതെന്ന് യാത്രക്കാർ ആരോപിക്കുന്നു. വിമാനത്തിനകത്ത് കടുത്ത ചൂടാണെന്നും കൈക്കുഞ്ഞുങ്ങളുമായി വന്ന യാത്രക്കാർ ഏറേ ബുദ്ധിമുട്ട് അനുഭവിക്കുന്നതായുമാണ് വിവരം.

വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് രാവിലെ 9.50-ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. തകരാർ പരിഹരിച്ചെന്നും വിമാനം ഉടൻ പുറപ്പെടുമെന്നുമാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്.