എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്, കോടതിയിൽ കീഴടങ്ങി നിയുക്ത എൽ ഡി എഫ് സ്ഥാനാർതഥി ജെയ്ക് സി തോമസ്

കോളേജ് മാനേജ്മെന്റ് പീഡനത്തിനെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച സമരത്തിൽ കോളേജ് അടിച്ചു തകർത്ത സംഭവം. അന്നത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ് ഉൾപ്പെടെ പ്രതികൾ. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗിലായിരുന്നു സംഭവം. കേസില്‍ പ്രതിയായ നിയുക്ത പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കായംകുളം കോടതിയിൽ കീഴടങ്ങി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കീഴടങ്ങൽ എന്ന് സൂചന.

അതേസമയം, ബിജെപി സ്ഥാനാർത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞുകഴിഞ്ഞു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു ലിജിൻ ലാൽ. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.

വികസനം പ്രധാന ചർച്ചയാക്കുകയാണ് എല്ലാ മുന്നണികളും. വികസന വിഷയങ്ങളില്‍ പരസ്യസംവാദത്തിന് ജെയ്ക് സി തോമസും, ചാണ്ടി ഉമ്മനും പരസ്പരം വെല്ലുവിളിച്ചു. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ചയാക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി വീണ്ടും ആവശ്യപ്പെട്ടതോടെ പിണറായിയുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചു.