ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ വോട്ടിംഗ് മെഷീന്‍ കണ്ടെത്തിയ സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

അസമില്‍ വോട്ടിംഗ് മെഷീനുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി. വിവാദമുണ്ടായ ബൂത്തുകളില്‍ റീപോളിംഗ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അസമിലെ ബി.ജെ.പി നേതാവിന്റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തി. അസമിലെ പതര്‍കണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്നാണ് വോട്ടിംഗ് മെഷീന്‍ കണ്ടെത്തിയത്. ഇന്നലെയാണ് പതര്‍കണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് ഒരു വോട്ടിങ് മെഷീന്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഈ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായി.

സംഭവത്തെ കുറിച്ച് തിരഞ്ഞുടുപ്പ് കമ്മീഷന്‍ അന്വഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കന്മാര്‍ സ്ഥലത്തെത്തുകയും കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാണ് ഇയാള്‍ ഇത് എടുത്തുകൊണ്ടുപോയത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും ഭരണ കക്ഷിയായ ബി.ജെ.പിയും തമ്മില്‍ നടക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുള്ള പശ്ചാത്തലത്തിലാണ് ഈ സംഭവവും പുറത്ത് വരുന്നത്.