കോഴിക്കോട് എട്ട് വയസുകാരിയെ പീഡിപ്പിച്ച മുന്‍ എസ്‌ഐ അറസ്റ്റില്‍; പോക്‌സോ കേസുകളിലെ മിടുക്കന്‍ പോലീസുകാരന്‍

കോഴിക്കോട്: എട്ട് വയസുകാരിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച മുന്‍ എസ്.ഐ അറസ്റ്റില്‍. കോഴിക്കോട് ഫറോഖ് സ്വദേശി ഉണ്ണിയെയാണ് ഫറോഖ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വീസിലിരിക്കെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാളെന്ന് പൊലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതി എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതിയുടെ വീട്ടില്‍ വെച്ചും വീടിന് സമീപമുള്ള ഷെഡ്ഡില്‍ വെച്ചും നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് ചൈല്‍ഡ് ലൈനില്‍ പെണ്‍കുട്ടി പരാതി നല്‍കി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സര്‍വീസിലിരിക്കെ ജില്ലയിലെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്തയാളാണ് പ്രതി. പോക്‌സോ കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഇയാള്‍ വിദഗ്ധനായിരുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.