നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം പഴയങ്ങാടി പുഴയിൽ; അന്വേഷണം

കണ്ണൂർ: ബഹ്‌റിനിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം പഴയങ്ങാടി പുഴയിൽ കണ്ടെത്തി.പ്രവാസിക്കായി പോലിസ് പരിശോധന നടത്തി വരുന്നതിനിടെയാണ് മൃതദേഹം പഴയങ്ങാടി പുഴയിൽ നിന്നും കണ്ടെത്തിയത് പാമ്പുരുത്തി മേലേ പാത്ത് വീട്ടിൽ അബ്ദുൽ ഹമീദിന്റെ (42) മൃതദേഹമാണ് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയിൽ നിന്നും കണ്ടെത്തിയത്.

ഏറെക്കാലമായി വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു അബ്ദുൽ ഹമീദ് . ശനിയാഴ്‌ച്ച ബഹ്‌റിനിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങി നാട്ടിലേക്ക് വരികയായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ട്രെയിനിലാണ് വന്നിരുന്നത്. എന്നാൽ ഇയാൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ വിവരം പോലിസിൽ അറിയിക്കുകയായിരുന്നു.

റെയിൽവേ പോലിസ് സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഇയാൾ കണ്ണൂരിൽ ട്രെയിനിറങ്ങിയില്ലെന്ന് വ്യക്തമായത്. ഇതിനിടെ അബ്ദുൽ ഹമീദിന്റെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ലഗേജുകൾ മംഗ്‌ളൂരിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നും കണ്ടെത്തുകയും ചെയ്തു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം ഇന്ന് കബറടക്കും. പെരുമാച്ചേരി കൊട്ടപ്പൊയിൽ സ്വദേശിനി റാബിയ്യയാണ് ഭാര്യ. റസൽ, റയ, സബ, സൈബ എന്നിവരാണ് മക്കൾ.