വന്ദേഭാരത് ബെംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണിക്കും, കേരളത്തിന് വന്ദേഭാരത് ലഭിച്ചത് കാലതാമസമില്ലാതെ

തിരുവനന്തപുരം. വന്ദേഭാരത് ബെംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിലെന്നും സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ റൂട്ടില്‍ ഓടിക്കുവാന്‍ സാധിക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തിരുവനന്തപുരം കൊച്ചി റെയില്‍വേ റൂട്ടിന് മുന്തിയ പരഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ നിലപാട് ഉണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി.

സാങ്കേതികവും പാരിസ്ഥിതികവുമായ തടസ്സങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ തിരുമാനം എടുക്കുവാന്‍ സാധിക്കുവെന്നും വ്യക്തമാക്കി. ഡിപിആര്‍ പരിശോധിക്കുമ്പോള്‍ സാങ്കേതികവും പരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പദ്ധതിക്കുണ്ടെന്നും ഡിപിആര്‍ ഇപ്പോഴും പരിശോധനയിലാണെന്നും അന്തിമ തീരുമാനം എടുക്കുമ്പോല്‍ സംസ്ഥാനവുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന പദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പഠിച്ച് വരുകയാണ്. വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമ്പോള്‍ സംസ്ഥാനവുമായി ആലോചിക്കും. സാങ്കേതിക വശങ്ങള്‍ പരിഗണിച്ചു മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തീരുമാനം എടുക്കുവാന്‍ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വന്ദേഭാരതിന് പിന്നാലെ വന്ദേഭാരത് മെട്രോ അടുത്ത വര്‍ഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ 34 റെയില്‍വേ സ്‌റ്റേഷനുകല്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം. നേമം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലെ പാളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വന്ദേഭാരത് ലഭിച്ചത് കാലതാമസം ഇല്ലാതെയാണ്. ട്രെയിനുകള്‍ നിര്‍മിക്കുന്നത് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുകയാണെന്നും അദ്ദേഹം അറിയിച്ചു.