വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം, ബാബുജാനോടും ആർഷോയോടും വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കളുടെ വ്യാജ രേഖകളിൽ വശംകെട്ട അവസ്ഥയിലാണ് സിപിഎം പാർട്ടിയും സർക്കാരും. കുട്ടി നേതാക്കൾ കാണിച്ചുകൂട്ടുന്ന നെറികേടുകൾക്ക് മുതിർന്ന നേതാക്കൾ കൂടി കുടപിടിക്കുന്നതായാണ് പുറത്തു വരുന്ന വിവരം. വിഷയം പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിൽ സി പി എം ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നിഖിലിന് കായംകുളം കോളേജിൽ സീറ്റ് ലഭിക്കുന്നതിനായി ഇടപെട്ടെന്ന് ആരോപിക്കപ്പെടുന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനോടും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയോടും പാർട്ടി നേതൃത്വം വിശദീകരണം തേടി.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. എസ്എഫ്ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തി ഉണ്ട്. സംഘടനയില്‍ അടിയന്തര തിരുത്തല്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

കെ.വിദ്യക്കും ഒളിവിലുള്ള നിഖില്‍ തോമസിനും സിപിഐഎം സംരക്ഷണം കിട്ടി എന്ന ആരോപണവും ശക്തമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനാണ് നിഖിലിനെ സഹായിച്ചതെന്നും ആരോപണമുണ്ട്. എസ് എഫ് ഐ സംസ്ഥാന നേതാവ് പി എം ആർഷോ നിഖിലിനെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയും ഷീണം ഉണ്ടാക്കി. ആർഷോയുടെ ന്യായീകരണത്തിന് മണിക്കൂറുകൾ പോലും ആയുസ് ഉണ്ടായില്ല. അതിന് മുൻപ് തന്നെ നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.