വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിലൂടെയെന്ന് ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: കൊച്ചി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ച കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. അഗളി പൊലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിച്ചു. രാവിലെ 11.45 ഓടെ അഭിഭാഷകൻ സെബിൻ സെബാസ്റ്റ്യന് ഒപ്പം വിദ്യ പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അഗളി പൊലീസിന് മുൻപിൽ വിദ്യ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ്അന്വേഷണസംഘം. കരിന്തളം കോളേജിൽ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വർഷം ജോലി ചെയ്തിരുന്നു.

അതേസമയം സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് വിദ്യ. ഫോൺ കേടായതിനാൽ ഉപേക്ഷിച്ചുവെന്നും വിദ്യ പോലീസിനോട് പറഞ്ഞു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായ വിദ്യയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കരിന്തളം കോളേജിലും അട്ടപ്പാടിയിലും വിദ്യ ഒരേ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത്.