കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, വ്യാജ സിദ്ധൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയിൽ ചാത്തൻ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

അതേസമയം, ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ചുവന്ന ഷർട്ട് ധരിച്ച പ്രതി, കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലർച്ചെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കണ്ടെത്താൻ വൻ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.