രാജ്കുമാറിന്റെ കസ്റ്റഡി മരണം; ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പറഞ്ഞു. ഉചിതമായ സമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ രാജ് കുമാറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയടക്കം സന്ദര്‍ശിച്ചത്.

ഇതിന് ശേഷം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷന്റെ വെളിപ്പെടുത്തല്‍. ചികിത്സ നല്‍കാന്‍ കാലതാമസമുണ്ടായി എന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് കമ്മീഷന്റേത്.കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനില്‍ നിന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.ഒരു സ്വകര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.