ലിയോ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ തകർത്ത് ആരാധകർ, വീഡിയോ വൈറൽ

ചെന്നെെ: ആവേശം അതിര് കടന്നതോടെ ലിയോ’ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ തകർത്ത് ആരാധകർ. ഇളയ ദളപതി വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ ട്രെയിലർ ഇന്ന് വെെകിട്ട് 6.30നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ ആരാധകരുടെ ആവേശത്തിൽ കനത്ത നാശനഷ്ടം ഉണ്ടായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ട്രെയിലർ പ്രദർശിപ്പിച്ച ചെന്നെെയിലെ രോഹിണി തിയേറ്ററാണ് ആരാധകർ തകർത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സീറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയിലർ ഫാൻസ് ഷോകൾ സംഘടിപ്പിക്കുന്ന തിയേറ്ററുകളിൽ പ്രധാനമാണ് ചെന്നെെയിലെ രോഹിണി സിൽവർ സ്‌ക്രീൻ.

ട്രെയിലർ പ്രദര്ശിപ്പിക്കുന്നതിന് മുൻപ് തന്നെ തിയേറ്റർ പരിസരത്ത് വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ മറ്റ് പല തിയേറ്ററുകളിലും കേരളത്തിലെ പാലക്കാട്ടും ട്രെയിലർ ഫാൻസ് ഷോകൾ നടന്നിരുന്നു. അതേസമയം ചിത്രം വൻ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.