കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരി​ഗണനയിൽ, കളക്ടർ

ആലപ്പുഴ. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരി​ഗണനയിൽ. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കുടുംബത്തെ സന്ദർ‍ശിച്ച ശേഷം ആലപ്പുഴ ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് തകഴിയിൽ പ്രസാദിന്റെ വീടിലെത്തിയത്. തുടർന്ന് പ്രസാദിന്റെ ഭാര്യ ഓമനയോടും ബന്ധുക്കളോടും സംസാരിച്ചു. കുടുംബം പ്രത്യേകിച്ച് തന്നോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇന്ന് രാവിലെയാണ് അമ്പലപ്പുഴ പോലീസിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് പ്രസാദ് മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഏത് വിഷമാണ് കഴിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ രാസ പരിശോധയ്‌ക്കായി സാമ്പിളുകൾ വിദഗ്ധ പരിശോധനയ്‌ക്ക് അയിച്ചിരിക്കുകയാണ്.