കാര്‍ഷിക നിയമം പിന്‍വലിക്കില്ല; കര്‍ഷകര്‍ക്ക് മുന്‍പില്‍ അഞ്ചിന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം എന്നിങ്ങനെ അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ ഇന്ന് കര്‍ഷകര്‍ക്ക് നല്‍കാം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ അഞ്ച് നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനകളെ അറിയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കൊണ്ടുള്ള ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടെന്ന് സര്‍ക്കാര്‍ നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് വെച്ചാവും ചര്‍ച്ച നടത്തുക. എന്നാല്‍ വ്യത്യസ്ഥമായ തീരുമാനമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. കാരണം നേരത്തെ നടന്ന ചര്‍ച്ചകളില്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ക്ക് കേന്ദ്രം ഇപ്പോള്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ ഈ നിര്‍ദേശങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നത് വ്യക്തമല്ല.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍ നേരത്തേ അറിയിച്ചിരുന്നു. സമരം കടുപ്പിക്കാനാണ് തീരുമാനമെന്നും സംഘടന അറിയിച്ചിരുന്നു. സമരം സംബന്ധിച്ച ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനമെടുക്കും