അഡൽറ്റ് സിനിമകൾ കാണുന്നത് പതിവ്, സ്‌കൂളിൽ നിന്നും പരാതി, മകനെ കൊന്ന് അഴുക്കുചാലിൽ തള്ളി അച്ഛൻ

പൂനെ : അഡൽറ്റ് സിനിമകൾ കാണുന്നത് പതിവാക്കിയ മകന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ സോലാപൂരിലാണ് സംഭവം. ഫോണിൽ അഡൽറ്റ് ഫിലിമുകൾ കാണുകയും സ്‌കൂളിൽ നിന്ന് പതിവായി പരാതികൾ ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് പിതാവ് ഈ കടുംകൈ കാട്ടിയത്.

സംഭവത്തിൽ മഹാരാഷ്‌ട്രയിലെ സോലാപൂരിൽ ഭാര്യയ്‌ക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന തയ്യൽക്കാരനായ വിജയ് ബട്ടുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള മകൻ വിശാലിനെ കൊലപ്പെടുത്തിയ വിവരം ഇയാൾ ആദ്യം ഭാര്യയിൽ നിന്നും പോലീസിൽ നിന്നും മറച്ചുവെച്ചിരുന്നു. ജനുവരി 13 ന് വിജയും ഭാര്യയും മകനെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എന്നാൽ ദിവസങ്ങൾക്ക് ശേഷം, ദമ്പതികളുടെ വീടിന് സമീപമുള്ള അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. കുട്ടിയുടെ ശരീരത്തിനുള്ളിൽ സോഡിയം നൈട്രേറ്റ് എന്ന വിഷാംശം കണ്ടെത്തി. പോലീസ് നടത്തിയും ചോദ്യംചെയ്യലിൽ പിതാവ് വ്യക്തമായ മറുപടികൾ നൽകിയിരുന്നില്ല. പോലീസ് അന്വേഷണം പുരോഗമിക്കവേ മകനെ കൊന്നത് താനാണെന്ന് പ്രതി ഭാര്യയോട് സമ്മതിച്ചിരുന്നു.

വിശാലിന്റെ സ്കൂളിൽ നിന്ന് മറ്റ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിജയ് പറഞ്ഞു. വീട്ടിലെ വിശാലിന്റെ പെരുമാറ്റത്തിലും അഡൾട്ട് സിനിമകളോടുള്ള ആസക്തി പ്രതിഫലിച്ചിരുന്നു. ജനുവരി 13ന് രാവിലെ വിജയ് മകന് സോഡിയം നൈട്രേറ്റ് കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു.

വിശാൽ അബോധാവസ്ഥയിലായപ്പോൾ മൃതദേഹം വീടിനടുത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവാണ് മകനെ കൊന്നതെന്ന വിവരം ഭാര്യയാണ് ഒടുവിൽ പോലീസിനെ അറിയിച്ചത്.