നിങ്ങളെന്തുലത്തുമെന്നാ തലയിലൊരു കൂടം കൊണ്ടടിക്കും പോലെ ഡെസ്കിലടിച്ച് അവൻ്റെ ചോദ്യം, ഞാനൊന്ന് ഞെട്ടി- അനുഭവം വെളിപ്പെടുത്തി ടീച്ചർ

അധ്യാപന ജീവിതത്തിൽ ഉണ്ടായ അനുഭവം പങ്കുവച്ച് ഫൗസിയ കളപ്പാട്ട്. അരുൺദേവ് എന്ന കുട്ടിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചാണ് ടീച്ചറുടെ തുറന്നെഴുത്ത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

ബിഎഡ് കഴിഞ്ഞയുടനെ പെരുമ്പാവൂർ ബോയ്സ് സ്ക്കൂളിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ജോലി കിട്ടിയ സമയം… പെൺകുട്ടികളെ പഠിപ്പിക്കാനാണ് എളുപ്പം ,ആൺകുട്ടികളെ കൈകാര്യം ചെയ്യാൻ പാടാണെന്നൊക്കെയുള്ള എൻ്റെ ചിന്തകൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്..ക്ലാസ്സ് ടീച്ചറിൻ്റെ ചാർജ് വീതം വെച്ച് വന്നപ്പോ എനിക്ക് കിട്ടിയത് പത്ത് ഡി യു ടെ ചാർജ്.’പത്തിടി എന്നും കിട്ടാൻ വകുപ്പുള്ള ക്ലാസ്സാണല്ലോ ഫൗസിയ…’ ജോസഫ് സാറിൻ്റെ പൊട്ടിച്ചിരിയോടെയുള്ള കമൻ്റ്..ചിരിച്ചെന്ന് വരുത്തിയെങ്കിലും ഉള്ളിൽ ചെറിയ പേടി തോന്നി. അദ്ധ്യാപനത്തിൻ്റെ ചവിട്ടുപടികൾ ചവിട്ടാൻ തുടങ്ങിയിട്ടേയുള്ളൂ. തുടക്കത്തിൽ തന്നെ പേടിപ്പിക്കോ? ഭീകരന്മാരുടെ ക്ലാസ്സിലേക്കാണോ പടച്ചോനേ ആദ്യ എൻട്രി ?

എന്തായാലും അറ്റൻ്റൻസ് രജിസ്ട്രറുമെടുത്ത് ഞാൻ പത്ത്ഡിയിലേയ്ക്ക് കയറി.ഗുഡ് മോണിംഗ്…. കൈയ്യിലിരുന്ന രജിസ്ട്രർ മേശപ്പുറത്ത് വെച്ച് കൊണ്ട് ഞാൻ കുട്ടികളെ നോക്കി പറഞ്ഞു.കുറച്ച് ഗുഡ് മോണിംഗും അത് മുങ്ങിപ്പോകാൻ പാകത്തിന് കൂവലും തിരിച്ചു കിട്ടി.. തുടക്കത്തിൽ തന്നെ കല്ലുകടിയാണല്ലോ? ഓരോരുത്തരെയായി പരിചയപ്പെടാം എന്ന് പറയും മുൻപേ എൻ്റെ നേരെയായി ചോദ്യങ്ങൾ.. ഓരോന്നിനായി മറുപടി പറയുന്നതിനിടയ്ക്ക് പുറകിലെ ബഞ്ചിൽ നിന്ന് ഒരു ശബ്ദം.. ‘കല്യാണം കഴിഞ്ഞതാണോന്ന് ചോദിക്കടാ ‘ ആരാണാവോ ആ ചോദ്യ കർത്താവെന്ന റിയാൻ ഞാനൊന്നെത്തി നോക്കി.. ഒരു പൊടിമീശക്കാരൻ… ഇയാൾക്കാണോ അറിയണ്ടേ? എന്താ ഇയാളുടെ പേര്?എൻ്റെ ചോദ്യം കേട്ട മട്ടില്ല. മറുപടി പറഞ്ഞത് മറ്റുള്ളവരാണ്.. അരുൺദേവ് കോറസ്സായി കേട്ടു ആ പേര്.. ഞാനവനെ ഒന്നിരുത്തി നോക്കി. പിഞ്ഞി തുടങ്ങിയ ഷർട്ട്, ഷർട്ടിൻ്റെ കോളറിൽ ചെറിയ കീറൽ, നിറം മങ്ങിയ പാൻ്റ്…തൻ്റെ യൂണിഫോമെവിടെ? എൻ്റെ ചോദ്യമവൻ കേട്ട ഭാവം കാണിച്ചില്ല.

ആദ്യ ദിവസം തന്നെ അവനെ വഴക്ക് പറഞ്ഞിട്ട് ഞാനൊരു വഴക്കാളി ടീച്ചറാണെന്ന് മറ്റുള്ള കുട്ടികൾക്ക് തോന്നരുതെന്ന ചിന്തയിൽ ഞാനൊന്നും മിണ്ടിയില്ല.അന്ന് ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയപ്പോൾ “എങ്ങിനെയുണ്ടായിരുന്നു ടീച്ചറേ പത്തി ടി?” ജോസഫ് സാറിൻ്റെ ചോദ്യം വീണ്ടും… കുഴപ്പമില്ല എന്ന എൻ്റെ മറുപടിയിൽ സാറെന്നെ വിശ്വാസം വരാത്തത് പോലെ സൂക്ഷിച്ച് നോക്കി…എന്തായാലും ദിവസങ്ങൾക്കുള്ളിൽ മറ്റ് അദ്ധ്യാപകരുടെ സംസാരത്തിൽ നിന്ന് അരുൺദേവ് ഒരു ജഗജില്ലി വില്ലനാണെന്ന ബോധം എനിക്കുമുണ്ടായി.. ക്ലാസ്സിലവൻ്റെ നിസ്സഹകരണവും തറുതല പറയലും അതിന് ആഴം കൂട്ടി.. ഞാനവനെ തീർത്തും അവഗണിക്കാൻ തുടങ്ങിയിരുന്നു..

പത്താം ക്ലാസ്സുകാർക്ക് പ്രൊജക്ട് ഹാജരാക്കേണ്ട ദിവസമെത്തി. എല്ലാ കുടികളുടെ കൈയ്യിൽ നിന്നും അത് ശേഖരിച്ചേ പറ്റൂ… മുകളിൽ നിന്നുള്ള അറിയിപ്പ് തീയതിക്കും വളരെ നേരത്തെ ഒരു ഡേറ്റാണ് കുട്ടികളോട് പറഞ്ഞത്.. എന്നാലാണ് ഉഴപ്പരായ കുട്ടികളുടെ കൈയ്യിൽ നിന്ന് കൂടി വാങ്ങികൊടുക്കാൻ പറ്റൂ.. ചില സമയത്ത് ഒരു ഭിക്ഷക്കാരിയുടെ റോളാണ് അദ്ധ്യാപികയ്ക്കെന്ന് തോന്നിപ്പോകുന്ന സമയം. കെഞ്ചി ചോദിച്ചാലും വഴക്ക് പറഞ്ഞ് ചോദിച്ചാലും എനിക്ക് വേണ്ടി എന്തോ കാര്യം നേടാൻ ആവശ്യപ്പെടുന്നത് പോലെ പല കുട്ടികളും തരാൻ മടിച്ചു നിന്നു. അവസാനം വീട്ടുകാരെ ഇടപെടുത്താൻ തുടങ്ങി എന്നറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് ചിലർ ഇറങ്ങി വന്നു.. ഒരാളൊഴിച്ച് എല്ലാവരുടെയും പ്രൊജക്ട് കിട്ടി.അരുൺദേവ് കൂടി തരാനുണ്ട്. ചോദിക്കുമ്പോഴൊക്കെ ചുണ്ട് കോട്ടിയുള്ള അവൻ്റെ ചിരി എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി കഴിഞ്ഞിരുന്നു.”നാളെ അച്ഛനെ വിളിച്ച് കൊണ്ടുവരണം, എത്ര ദിവസായി ഞാനീ യാളോട് പ്രൊജക്ട് സബ്മിറ്റ് ചെയ്യാൻ പറയുന്നു?”അച്ഛനില്ല” ഉടനെ വന്നു മറുപടിഅമ്മ?”അവർക്ക് പണിക്ക് പോണം. “”നാളെ ഇത്രടം വരെ വന്നിട്ട് പണിക്ക് പോയാൽ മതി, മക്കളെ പഠിക്കാനെന്നും പറഞ്ഞ് വിട്ടിട്ട് ഒരുത്തരവാദവുമില്ലാതെങ്ങനെയാ?” ഇടി വെട്ടി പെയ്യുന്ന മഴ പോലെ ഞാൻ നിന്ന് പെയ്യാൻ തുടങ്ങി.

അത്രയും കാലം അവൻ്റെ രീതികളോടുള്ള എല്ലാ ദേഷ്യവും പുറത്തേക്ക് വന്നു.”നിങ്ങളെന്തുലത്തുമെന്നാ” തലയിലൊരു കൂടം കൊണ്ടടിക്കും പോലെ ഡെസ്കിലടിച്ച് അവൻ്റെ ചോദ്യം. ഞാനൊന്ന് ഞെട്ടി.. അവനോട് തിരിച്ച് പറയാനുള്ള വാക്കുകൾ തപ്പുന്നതിനിടയിൽ അവൻ കൊടുങ്കാറ്റ് പോലെ ഇറങ്ങിപ്പോയി. മറ്റുള്ള കുട്ടികളുടെ മുൻപിൽ അവനെന്നെ അപമാനിച്ചതോർത്ത് തകർന്ന് ഞാൻ നിന്നു. മനസ്സാന്നിധ്യം വീണ്ടെടുത്ത് എന്തൊക്കെയോ പറഞ്ഞ് ഞാനും ക്ലാസ്സിൽ നിന്നിറങ്ങി. വല്ലാതെ അപമാനിക്കപ്പെട്ടെന്ന തോന്നലിൽ ലീവ് എടുത്താലോ എന്ന് ചിന്തിച്ചു.. അന്ന് വെള്ളിയാഴ്ചയായിരുന്നു .ഉച്ചയ്ക്ക് ഇൻ്റെർവെൽ കൂടുതൽ സമയമുണ്ട്. ഉച്ചഭക്ഷണം കഴിച്ചെന്ന് വരുത്തി ഞാൻ ഡെസ്കിൽ തല ചായ്ച്ച് കിടന്നു.തലയിലേയ്ക്ക് എന്തോ വീഴുന്നത് പോലെ തോന്നി ഞാൻ തലപൊക്കി.കുറെ പേപ്പറുകൾ എൻ്റെ മുന്നിൽ പരന്നു കിടക്കുന്നു വീണ്ടും പറന്നെത്തുന്ന പേപ്പറുകൾ.അതിനിടയിൽ ഞാനവൻ്റെ മുഖം കണ്ടു. അരുൺദേവ്..

“പിടിച്ചോ, നിങ്ങടെ ഒരു ഒടുക്കത്തെ പ്രൊജക്ട് കൊണ്ടോയി തിന്ന് ” അവൻ്റെ അലർച്ചയിൽ ആ പേപ്പറുകൾ ഒന്നുകൂടി പറന്നു വീണു. ഞാൻ ഒന്നും പറയാനാവാതെ സ്തംബ്ദയായി നിന്നു. കുട്ടികളുടെ മുൻപിൽ വെച്ച് നേരിട്ട അപമാനത്തിൻ്റെ വേദന മാറും മുൻപ് അടുത്തത്.. ”അരുൺ, ആ പേപ്പറുകൾ പെറുക്കിയെടുക്ക്.. ടീച്ചർക്ക് അത് അടുക്കിയെടുത്ത് കൊടുക്കൂ. എന്ത് മര്യാദകേടാണിത്? ഇങ്ങിനെയാണോ ഇയാളെ വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത്? അടുത്തിരുന്ന ഗീത ടീച്ചർ അവൻ്റെ അടുത്തേക്ക് ചൂരൽ ചുഴറ്റി കൊണ്ട് ചോദിച്ചു.” ഇതിലും മോശമായിട്ടാ പഠിപ്പിച്ചിരിക്കുന്നത്? ഇത് ഞങ്ങൾ തമ്മിലുളള ഇടപാടാ, നിങ്ങളിടപെടണ്ട”അവൻ്റെ മറുപടി കേട്ടതും ഗീത ടീച്ചർ ചൂരൽ ആഞ്ഞൊന്ന് വീശി. പിന്നിതുടങ്ങിയ ഷർട്ടിന് മുകളിലൂടെ മുതുകത്തത് പാട് വരുത്തി പിൻവലിഞ്ഞു. അവൻ രൂക്ഷമായി ഞങ്ങളെ രണ്ടാളെയും നോക്കി തിരിഞ്ഞു നടന്നു.
ക്ലാസ്സിലേക്ക് പോകാനുള്ള മാനസികാവസ്ഥ ഇല്ലാത്തത് കൊണ്ട് ഞാൻ ഹാഫ് ഡേ ലീവ് എഴുതി കൊടുത്ത് വീട്ടിലേക്ക് പോന്നു.ഒരു വിദ്യാർത്ഥിയുടെ വളരെ മോശം പ്രവൃത്തിയും സംസാരവും കേട്ടുകൊണ്ട് മിണ്ടാതെ നിന്ന ഞാനൊരു മോശം അദ്ധ്യാപികയാണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ ഉലച്ചു. വൈകിട്ട് ഒരു സുലൈമാനിയും കുടിച്ച് ഉമ്മറത്തിരുന്നപ്പോഴാണ് അവരെത്തിയത്. ഒരു സ്ത്രീയും ഒരു പെൺകുട്ടിയും..”ഫൗസിയ ടീച്ചറല്ലേ ”’അതേ “ഞാൻ അരുണിൻ്റെ അമ്മയാ.. ഇത് മോളാ.. അനില “അവൻ്റെ പേര് കേട്ടതും എൻ്റെ മുഖം മാറി. മകനെ മര്യാദയ്ക്ക് വളർത്താനറിയാത്ത നിങ്ങളൊരമ്മയാണോ എന്നൊക്കെ മനസ്സിൽ വന്നെങ്കിലും ചോദിച്ചില്ല. മക്കളെന്ത് തെറ്റ് ചെയ്താലും വീട്ടുകാരെ കുറ്റം പറയുന്ന രീതി പൊതുവെയുണ്ടല്ലോ. അവരോട് കയറിയിരിക്കാൻ പറഞ്ഞു.

നിറം മങ്ങിയ കോട്ടൺ സാരിയുടെ അറ്റം കൊണ്ട് മുഖം തുടച്ച് അവർ കസേരയിലിരിക്കാതെ ചവിട്ടുപടിയിൽ ഇരുന്നു. പെൺകുട്ടി മുറ്റത്തെ ചെടികളോട് വിശേഷങ്ങൾ തിരക്കാനുള്ള ശ്രമത്തിലാണ്. പത്തു പന്ത്രണ്ട് വയസ്സ് പ്രായമേ കാണൂ ആ കുട്ടിക്ക്… നിശ്ശബ്ദത കനത്തു.മകൻ ചെയ്തതിന് മാപ്പ് പറയാനെത്തിയ അമ്മയ്ക്ക് വാക്കുകൾ കിട്ടാൻ പ്രയാസമാണ്.” എന്തേ വന്നത് ” എൻ്റെ ചോദ്യം അവരുടെ സംസാരത്തിന് തുടക്കമാകട്ടെ എന്ന് കരുതി ..”അമറിലെ മജീദ് ക്കയുടെ മരുമകളാണെന്ന് എനിക്കറിയായിരുന്നു.അതു കൊണ്ട് വീട് കണ്ടു പിടിക്കാൻ പ്രയാസം ഉണ്ടായില്ല.””ഉം “ഞാൻ വെറുതെ മൂളി.എൻ്റെ താല്പര്യക്കുറവും അവരുടെ മകനോടുള്ള അനിഷ്ടവും ഒരു പക്ഷെ ആ മൂളലിൽ തെളിഞ്ഞിരിക്കണം.. “മോളേ, എൻ്റെ മോനോട് വെറുപ്പ് തോന്നരുത്.. “ആ ‘മോളേ’ വിളിയിൽ ഞാനൊന്നലിഞ്ഞു.’സാരല്യാ, എന്താ ഈ കുട്ടിയിങ്ങനെ?””അവൻ്റെ അച്ഛൻ മരിച്ചതിന് ശേഷാ… ഇടുക്കിയിലായിരുന്നു ഞങ്ങൾ. അവിടെ അയൽപക്ക കാരനുമായുണ്ടായ അതിർത്തി തർക്കത്തിൽ കൈയ്യേറ്റമുണ്ടായി.അവൻ്റേം എൻ്റേം മുന്നിൽ വെച്ചാണ് ചേട്ടന് കുത്തേറ്റത്. ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. ഞങ്ങളുടെ വിവാഹം ഞങ്ങളുടെ മാത്രം തീരുമാനമായത് കൊണ്ട് വീട്ടുകാരുടെ സഹായവും ഉണ്ടായില്ല. അങ്ങിനെയാണ് ചേട്ടൻ്റെ കൂട്ടുകാരൻ എനിക്കിവിടത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലി വാങ്ങി തന്നത്. രണ്ട് മക്കളെയും കൊണ്ട് ഇങ്ങോട്ട് വന്നു. അന്നാ കാഴ്ച കണ്ടതിന്ന് ശേഷം കുറെക്കാലം അവൻ സംസാരിക്കാറില്ലായിരുന്നു.ചികിൽസ നടത്തി കുറെക്കാലം. സംസാരിക്കാൻ തുടങ്ങിയപ്പോ പിന്നെ ഇതാണ് രീതി. വീട്ടിലും മാറ്റമില്ല മോളേ… അവൻ പഠിക്കാൻ മിടുക്കനായിരുന്നു. നന്നായി പാട്ട് പാടും. മിമിക്രി ചെയ്യും. ഇടുക്കിയിൽ പഠിച്ചു കൊണ്ടിരുന്നപ്പോ ഒരു പാട് സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്…മോളൊന്നും വിചാരിക്കരുത്. പത്താം ക്ലാസ്സ് പാസായി കഴിഞ്ഞാൽ ഒരു ട്രാവൽ ഏജൻസിയിൽ ചെറിയ ഒരു ജോലി പറഞ്ഞുവെച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും പാസ്സായാൽ മതി എന്നാണ് പ്രാർത്ഥന.”

സാരിയുടെ തുമ്പ് കൊണ്ട് കണ്ണും മുഖവും തുടച്ച് അവർ എന്നെ നോക്കി. ഒന്നും പറയാൻ പറ്റിയില്ലെനിക്ക്. സ്വന്തം അച്ഛനെ കൺമുന്നിലിട്ടൊരാൾ കുത്തി കൊല്ലുന്നത് കാണുന്ന ഒരു കുട്ടിയുടെ മനസ്സ് ഊഹിക്കാവുന്നതിനുമപ്പുറമാണ്.പൊള്ളി പൊടിഞ്ഞ് നിറഞ്ഞ കണ്ണുനീർ തടുക്കാനാവാതെ ഞാൻ നിന്നു.” പൊക്കോട്ടെ മോളെ, അയൽപക്കത്തെ കുട്ടിയും മോളുടെ ക്ലാസ്സിലാ. വിനയൻ. അവൻ പറഞ്ഞാണ് വിവരങ്ങൾ അറിഞ്ഞത്. ഒന്നും വിചാരിക്കല്ലേ, എൻ്റെ മോനെ ശപിക്കല്ലേ ” അവരുടെ വാക്കുകൾ മുറിഞ്ഞു വീണു.എൻ്റെ വിരലുകൾ പിടിച്ച അവരുടെ കൈകൾ വിറക്കുന്നത് പോലെ തോന്നി..”സാരല്യ, സാരല്യ വിഷമിക്കണ്ട ” എന്നല്ലാതെ മറ്റൊന്നും എൻ്റെ നാവിൽ നിന്ന് വീണതുമില്ല.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്ലാസ്സിൽ ഞാനവനെ കണ്ടില്ല.പലപ്പോഴും നിഷേധ ഭാവത്തിലിരിക്കുന്ന ആ മുഖം ഞാൻ പരതി.അടുത്ത ദിവസം സ്കൂളിലേക്ക് വരുമ്പോൾ ഗെയ്റ്റിനടുത് അവൻ. മതിലിൽ ചാരി ഒരു കാൽ ഉയർത്തി മതിലിൽ ചവിട്ടിയാണ് നിൽപ്പ്. എന്നെ കണ്ടിട്ടും നിൽപ്പിൽ മാറ്റമൊന്നുമില്ല. ഞാനവൻ്റെ അടുത്തേക്ക് ചെന്നു. അവൻ എന്നെ രൂക്ഷമായി നോക്കി. അവൻ്റെ കണ്ണിലിപ്പോഴും ആ കാഴ്ച തളം കെട്ടി നിൽക്കുന്നത് കാണാമായിരുന്നു.അത് കൂട്ടാക്കാതെ ഞാൻ നന്നായി ചിരിച്ചു.’എടോ താൻ നന്നായി പാടുമെന്ന് കേട്ടല്ലോ, ഇന്ന് ക്ലാസ്സ് തുടങ്ങുമ്പോ തന്നെ ഇയാളുടെ ഒരു പാട്ടാവട്ടെ “അവൻ എന്തോ പറയാൻ വന്നതും ഞാൻ തിരക്കിട്ട് നടന്നു. നടക്കുന്നത് മുൻ പോട്ടാണെങ്കിലും ചില സമയത്ത് ദൈവം നമുക്ക് പുറകിലും കണ്ണ് തരും. അവൻ നോക്കി നിൽക്കുന്നുണ്ട്.ക്ലാസ്സ് തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞാണ് അവൻ എത്തിയത്.. അവനെ വഴക്ക് പറയുന്നത് കാത്തിരിക്കുകയാണ് മറ്റുള്ളവർ.

“അരുൺ ഇപ്പൊ ഒരു പാട്ട് പാടും. അതൊന്ന് പ്രാക്ടീസ് ചെയ്യാൻ പോയോണ്ടാണ് വൈകിയത്.. ” ഞാൻ പറഞ്ഞത് കേട്ട് അവൻ എന്നെ അമ്പരപ്പോടെ നോക്കി.”പാട്ടും കൂത്തുമൊന്നും നമുക്ക് പറഞ്ഞതല്ലേ ”അങ്ങിനെ പറഞ്ഞാൽ പറ്റില്ല ഇത്തവണ യൂത്ത് ഫെസ്റ്റിവലിന് ഞാൻ അരുണിൻ്റെ പേരും കൊടുത്തിട്ടുണ്ട്. പാടിയേ പറ്റൂ.”വെറുതെ പറഞ്ഞതാണ്. അവൻ പാടിയാൽ മത്സരത്തിന് പങ്കെടുപ്പിക്കണംന്ന് ഞാൻ തീരുമാനിച്ചു.പക്ഷെ ഇവനെ മെരുക്കിയെടുക്കണ്ടേ?” പാടൂ അരുൺ ,എനിക്കിയാളോട് വഴക്കൊന്നുമില്ല, അല്ലേലും ഇപ്പഴത്തെ ഈ പ്രൊജക്ടും മറ്റും വലിയ പാടാ.. അതിനിടയ്ക്ക് അല്പം പാട്ടും ഡാൻസുമൊക്കെയാവാം.. അരുൺ പാടിയാൽ ഞാനും പാടാം.”കുട്ടികൾ എന്നെ അമ്പരന്ന് നോക്കുന്നുണ്ട്.ഞാൻ പാടാം എന്ന് പറഞ്ഞതോടെ എല്ലാവരും ഉഷാറായി. ടീച്ചറുടെ പാട്ട് കേൾക്കാനുള്ള കൗതുകമായിരുന്നു അവർക്ക്.

” അരുൺ ദേവ് പാടണം അരുൺദേവ് പാടണം” അവർ മുദ്രാവാക്യം വിളിക്കുന്നത് പോലെ ഒച്ച വെക്കാൻ തുടങ്ങി. അവൻ്റെ കൂടെയിരിക്കുന്ന ബാക്ക് ബഞ്ചുകാരും എഴുന്നേറ്റ് നിന്ന് പറയാൻ തുടങ്ങി.”ഞാൻ പാടാം.. അവൻ സമ്മതിച്ചു.”താമസമെന്തേ വരുവാൻ എന്ന പാട്ടാണ് അവൻ പാടിയത്. അസ്സലായി തന്നെ അവനത് പാടി. കുട്ടികളെല്ലാവരും എഴുന്നേറ്റ് നിന്നു കൈയ്യടിച്ചു. ഞാനവനെ ചേർത്തു പിടിച്ചു. ‘മിടുക്കൻ’ അവൻ്റെ മുഖത്ത് ആദ്യമായി ഒരു ചെറിയ ചിരി കണ്ടു.കണ്ണിൽ നനവും.ആ കൊല്ലം യൂത്ത് ഫെസ്റ്റിവലിന് അവൻ്റെ പേര് പാട്ടിനും മിമിക്രിക്കും എഴുതി ചേർത്തു.മിമിക്രിക്ക് അവൻ സ്റ്റേജിൽ കയറിയില്ലെങ്കിലും പാട്ടിന് കയറി. ശരറാന്തൽ വെളിച്ചത്തിൽ എന്ന് തുടങ്ങുന്ന ഒരു ലളിതഗാനം അവൻ നന്നായി പാടി. ഒന്നാം സ്ഥാനവും വാങ്ങി. സംഗീതം ഒരു നല്ല മരുന്നാണെന്ന് കേട്ടിട്ടുണ്ട്. അതവനിൽ ഭംഗിയായി മാറ്റം വരുത്തുന്നത് ഞാൻ കണ്ടു നിന്നു.

എന്നോടെങ്കിലും അത്യാവശ്യം മര്യാദയോടെ സംസാരിക്കാനും സ്നേഹം കാണിക്കാനും അവൻ തുടങ്ങിയിരുന്നു.എന്നും ക്ലാസ്സിൽ അരുണിന് പാട്ട് പാടി പ്രാക്ടീസ് ചെയ്യാനുള്ള സമയം കണ്ടത്തി. കുട്ടികൾ നന്നായി സഹകരിച്ചു. അക്കൊല്ലം ഉപജില്ലാ യുവജനോത്സവം പെരുമ്പാവൂർ ഗേൾസ് സ്കൂളിലും ബോയ്സ് സ്ക്കൂളിലും വെച്ചാണ് നടന്നത് .ലളിതഗാന മത്സരം ഗേൾസ് സ്കൂളിൽ വെച്ചായിരുന്നു..മത്സരത്തിന് രണ്ട് ദിവസം മുൻപ് അരുൺ സ്റ്റാഫ് റൂമിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. ഞാനും ഗീത ടീച്ചറും മാത്രമായ ഒരു സമയത്ത് അവൻ വാതിലിൽ തട്ടി വിളിച്ചു.’ടീച്ചർ, ഒന്ന് വരാമോ?”എന്താ അരുൺ?’ഞാനവൻ്റെ അടുത്തേക്ക് ചെന്നു.’ടീച്ചർ ഞാൻ മത്സരത്തിന് പോണില്ല. വയ്യ തൊണ്ടവേദനയുണ്ട്. പാടിയാൽ ശരിയാവില്ല.”തൊണ്ടവേദനയൊക്കെ അപ്പോഴേക്കും മാറും. പങ്കെടുത്തേ പറ്റൂ. ഞാനവനോട് കൂടുതൽ പറയും മുൻപ് പ്യൂൺ വന്ന് ഹെഡ്മാസ്റ്റർ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാനവൻ്റെ തോളിൽ തട്ടി ഓഫീസിലേക്ക് പോയി. യൂത്ത് ഫെസ്റ്റിവലിന് കുട്ടികളെ കൊണ്ടു പോകുന്നതിനെ കുറിച്ച് സംസാരിക്കാനാണ് വിളിപ്പിച്ചത്. തിരിച്ച് വന്നപ്പൊ എല്ലാവരും പോയിട്ടുണ്ടായിരുന്നു. അനിലിനെ കാത്ത് ഗെയ്റ്റിനിടത്തു നിൽക്കുമ്പൊ വിനയൻ. അരുണിൻ്റെ അയൽക്കാരനും കൂട്ടുകാരനുമൊക്കെയാണ്.’ടീച്ചറേ, ഒരു കാര്യം പറയാനുണ്ട് ” എന്തെ ടോ ‘
‘അവന് തൊണ്ടവേദനയൊന്നുമില്ല ടീച്ചറേ, നല്ലൊരു ഷർട്ട് ഇടാനില്ലാന്നും പറഞ്ഞ് പോകാത്തതാ. അവൻ്റെ വീട്ടിൽ നല്ല കഷ്ടപാടാണ് ടീച്ചറേ ‘നിറം മങ്ങി പിന്നിതുടങ്ങിയ ,കോളർ കീറിയ മെലിഞ്ഞ ശരീരം മറക്കുന്ന ഷർട്ട് കണ്ണിൽ തെളിഞ്ഞു.ബസ് വന്നതും വിനയൻ കയറി പോയി. അനിലിനൊപ്പം പോയി അന്ന് തന്നെ അവന് ഒരു ഉടുപ്പ് വാങ്ങി. വീട്ടിൽ കൊണ്ടുപോയി അമ്മയെ ഏല്പ്പിച്ചു.

‘നിങ്ങൾ വാങ്ങിയതാണെന്ന് പറഞ്ഞാൽ മതി, അവൻ പാടണം, മത്സരത്തിൽ പങ്കെടുക്കണം’അവരത് കയ്യിൽ വാങ്ങി ഒന്നും മിണ്ടാതെ നിന്നു.ആഅന്തരിഷത്തിൽ അധിക സമയം ചിലവഴിക്കാൻ എനിക്കും തോന്നിയില്ല.മത്സരത്തിൻ്റെ അന്ന് മറ്റ് കുട്ടികൾക്കൊപ്പം അവനും വന്നു.പുതിയ ഉടുപ്പൊക്കെയിട്ട്.” ആഹാ, സുന്ദരനായിട്ടുണ്ടല്ലോ അമ്മ വാങ്ങി തന്നതാണോ ”അസ്സലായിട്ടുണ്ട്, നന്നായി ചേരുന്നുണ്ട് ഇയാൾക്ക് ‘ എന്നെല്ലാം അവനത് ഇട്ടു കണ്ട സന്തോഷത്തിൽ ഞാൻ പറഞ്ഞു.മത്സരം തുടങ്ങും മുൻപ് അവനെൻ്റെ അടുത്ത് വന്നു. എൻ്റെ കൈ രണ്ടും പിടിച്ചു. “സമ്മാനം കിട്ടുമോന്നറിയില്ല, പക്ഷെ ഞാൻ പറ്റുന്നത് പോലെ പാടും’അവൻ്റെ തലയിലൊന്ന് തലോടി പോയി വാ എന്ന് മാത്രം പറഞ്ഞു. അവൻ നന്നായി പാടി.വിജയികളെ പ്രഖ്യാപിച്ചപ്പോൾ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും അവൻ്റെ പാട്ടൊരു സംസാരവിഷയമായി. പത്താം ക്ലാസ്സിൽ അവൻ കഷ്ടിച്ച് പാസ്സായി.അതിനു ശേഷം ഇടയ്ക്കൊക്കെ ടൗണിൽ വെച്ച് കാണുമായിരുന്നെങ്കിലും അതും കുറഞ്ഞു. അവൻ ജോലിക്ക് കയറി കാണും എന്ന് ഞാനും കരുതി. എന്തുകൊണ്ടോ ആ കുട്ടിയെ അത്രയിഷ്ടമായിട്ടും ഞാൻ പിന്നീട് ആ വീട്ടിലേക്കും പോയില്ല.കൊല്ലങ്ങൾ കഴിഞ്ഞു.പുതിയ കഥാപാത്രങ്ങൾ, പുതിയ അന്തരീഷങ്ങൾ, പുതിയ ജീവിത പാOങ്ങൾ, ഞാനവനെ മറന്നു തുടങ്ങിക്കാണും.കൊറോണക്കാലത്ത് പോസിറ്റീവാകുന്നതിൻ്റെ ബുദ്ധിമുട്ട് നിസ്സാരല്ല. നെഗറ്റീവ് ആയിരിക്കാൻ തീരെ ഇഷ്ടമല്ലാത്ത ഒരാളായോണ്ടാവും ഞാൻ വേഗം കോവിഡ് പോസിറ്റീവായത്.കോവിഡ് മാറിയെങ്കിലും ക്ഷീണം ഭീകരമായിരുന്നു.

കഴിഞ്ഞ ദിവസം ഒരു ഉച്ചമയക്കം ആസ്വദിച്ച് കിടക്കുമ്പോഴാണ് കോളിംഗ് ബെൽ. ശരിക്കും ദേഷ്യം വന്നാണ് എഴുന്നേറ്റത്. വാതിൽ തുറന്നപ്പോൾ ഒരു ചെറുപ്പക്കാരൻ, കൂടെ ഒരു പെൺകുട്ടി.’ആരാ ”അരുൺ ആണ് ടീച്ചറേ ” ഏത് അരുൺ”അരുൺദേവ്’ പേര് മുഴുവൻ കേട്ടപ്പോഴാണ് എനിക്ക് ബോധമുദിച്ചത്. ഞാനവനെ സാകൂതം നോക്കി. സുന്ദരനായ ഒരു ചെറുപ്പക്കാരൻ.’ടീച്ചർ’ എൻ്റെ കൈയ്യിൽ കയറി പിടിച്ചു കൊണ്ട് അവൻ വീണ്ടും വിളിച്ചു.’ടീച്ചറിന് ഇവളെ മനസ്സിലായോ ?അനിലയാണ്. “അരുണിൻ്റെ സഹോദരി. അന്നത്തെ പന്ത്രണ്ടു കാരി… അകത്തേക്ക് വരൂ, ഞാൻ വാതിൽ തുറന്നു പിടിച്ചു നിന്നു. എന്നേക്കാൾ പൊക്കത്തിൽ വളർന്ന അന്നത്തെ കുട്ടിയെ ഞാൻ വീണ്ടും വീണ്ടും നോക്കി.’അരുണിപ്പൊ എന്ത് ചെയ്യുന്നു?’ഞാനിപ്പൊ ദുബായിലാണ്. ടീച്ചർ ഷാർജ യ്ക്ക് വന്നിരുന്നല്ലേ? ഞാൻ കാണാൻ വന്നിരുന്നു. ഞാൻ എത്തിയപോഴേക്കും ടീച്ചർ പോയി.. ഞാനവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറി. പത്താം ക്ലാസ്സ് കഴിഞ്ഞ് കുറച്ച് കാലം ഒരു ട്രാവൽ ഏജൻസിയിൽ ജോലിക്ക് പോയി. ഇടയ്ക്ക് പ്രൈവറ്റായി പഠിച്ച് പ്ലസ് ടു എഴുതിയെടുത്തു.

ഞാനവനെ കേട്ടുകൊണ്ടിരുന്നു.’അരുണിൻ്റെ അമ്മ എന്ത് പറയുന്നു?” അമ്മ വീട്ടിലുണ്ട്. ജോലിക്കൊന്നും പോകണ്ടാന്ന് പറഞ്ഞു ഞാൻ. എന്നാലും കുറച്ച് കുട്ടികളെ പാട്ട് പഠിപ്പിക്കുന്നുണ്ട്.ഇടയ്ക്ക് അമ്മയെയും ഇവളെയും വിസിറ്റിഗിന് കൊണ്ടുപോയി ദുബായ്ക്ക്.. “പണ്ടത്തെ പൊടിമീശക്കാരൻ വളർന്ന് ഉത്തരവാദിത്തമുള്ള ഒരു ചെറുപ്പക്കാരനായി മുന്നിൽ നിൽക്കുന്നു.’ അനില എന്ത് ചെയ്യുന്നു?’അവൾ മെഡിസിന് പഠിക്കുന്നു. എന്നെ പോലല്ല ടീച്ചറേ പഠിച്ചോളും” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.” ആ പിന്നേ, ടീച്ചറേ, ഞാൻ വന്നത്, എൻ്റെ കല്യാണമാണ്, ഈ ഇരുപതാം തീയതി. ടീച്ചർ വരണം… കല്യാണക്കുറി നീട്ടികൊണ്ട് അവൻ പറഞ്ഞു.അരുൺ വെഡ്സ് ഗായത്രി.” അമ്മയുടെ നിർബന്ധാ… കല്യാണം കഴിഞ്ഞ് ഒന്നൂടെ പോയി വന്നിട്ട് നാട്ടിൽ തന്നെ നിൽക്കണംന്നാ പ്ലാൻ… ആ….ടീച്ചറേ ഗായത്രി നന്നായി പാടും കെട്ടോ… ഞാൻ പാടുമെന്ന് പറഞ്ഞിട്ട് അവൾക്ക് വിശ്വാസമില്ല. എന്നെ കൊണ്ട് പാട് പെട്ട് പാട്ട് പാടിച്ചത് ടീച്ചറല്ലേ… ദുബായിയിൽ കൂട്ടുകാരുമായി കൂടുമ്പൊ ഞാനിപ്പോഴും പാടാറുണ്ട്. പാടുമ്പോഴും,എവിടെ ,ഏത് പാട്ട് കേൾക്കുമ്പോഴും ഞാനാദ്യം ഓർക്കുന്നത് ടീച്ചറെയാണ്”

പഴയ ക്ലാസ്സ് മുറിയും അവൻ്റെ ശബ്ദത്തി ലുള്ള താമസമെന്തേവരുവാൻ എന്ന പാട്ടും ഞാൻ വീണ്ടും കേട്ടു.യാത്ര പറഞ്ഞിറങ്ങുമ്പോ ഗെയ്റ്റിനടുത്ത് നിന്ന് തിരിഞ്ഞു നിന്ന് ” പിന്നേ,ടീച്ചറേ, അന്ന് ടീച്ചറാ എനിക്ക് ഉടുപ്പ് വാങ്ങി തന്നതെന്ന് അറിയാമായിരുന്നു.. അമ്മയ്ക്ക് കള്ളംപറയാനും ടീച്ചർക്ക് അഭിനയിക്കാനും അറിയില്ല. അതു കൊണ്ട് അത് അന്നേ പൊളിഞ്ഞതാ”ഞാൻ വാതിലിൽ ചാരി നിന്നു.അവർ കണ്ണിൽ നിന്ന് മറയുന്നതിനിടയ്ക്ക് കാഴ്ച മങ്ങി.കണ്ണിൽ പൊടി വീണതാവും..