സിനിമയിലെ രം​ഗങ്ങൾ അറംപറ്റി, യുവനടന്റെ വിലാപ യാത്രയും സിനിമയിലെ പോലെ തന്നെ

കൊല്ലം തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മതിലിലടിച്ച് മരിച്ച ഗോഡ്‌ഫ്രേ നാട്ടുകാർക്കും ഉറ്റവർക്കും നൊമ്പരമായി. ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്‌ഐ ജോൺ റൊഡ്രിഗ്‌സിന്റെയും ഫിലുവിന്റെയും മകനാണ് മുപ്പത്തിയേഴുകാരനായ ​ഗോഡ്ഫ്രേ. ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം

സിനിമയിൽ അഭിനയിച്ചു തീർത്ത രംഗങ്ങൾ ജീവിതത്തിന്റെ ക്ലൈമാക്‌സിൽ ആവർത്തിച്ചാണ് ഗോഡ്‌ഫ്രെ മടങ്ങിയത് ദി ലവേഴ്‌സ് എന്ന സിനിമയിൽ റൂബിദാസ് എന്ന പേരിൽ നായകനായി അഭിനയിച്ചിരുന്നു ഗോഡ്‌ഫ്രേ. നാല് വർഷം മുമ്പ് സുഹൃത്ത് ഷൈജുവുമായി ചേർന്ന് നിർമിച്ച ദ് ലവേഴ്സ് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെയായിരുന്നു ​ഗോഡ്ഫ്രേയുടെയും അന്ത്യം.

ആംബുലൻസിലെ വിലാപയാത്രയും അതേപോലെ തന്നെയായി. ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെയാണ് ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചത്.സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിക്കുകയും ചെയ്തു.

ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റർ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങൾ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാൻ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല