പ്രതിപക്ഷത്തിന്റെ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി

തിരുവനന്തപുരം. പ്രതിപക്ഷം ഉയർത്തുന്ന വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്രയും പ്രതീക്ഷിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു.

ക്ലിഫ് ഹൗസിൽ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ ഉൾപ്പെടെ ആകെ അറ്റകുറ്റപ്പണികൾക്കാണ് 42 ലക്ഷം അനുവദിച്ചിരിക്കുന്നത്. ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല.

കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും. സർക്കാരിന് അഹങ്കാരമല്ല ജനഹിത കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമർശകർ. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.