നാറ്റോ വികസന പ്രശ്നം തിരിഞ്ഞുകൊത്തുന്നു

കീവ് ∙ യുക്രെയ്ൻ അധിനിവേശത്തിനു കാരണമായി റഷ്യ ചൂണ്ടിക്കാട്ടിയ നാറ്റോ വികസന പ്രശ്നം തിരിഞ്ഞുകൊത്തുന്നു. യുക്രെയ്നിനെ ആക്രമിച്ച റഷ്യ ഏതുനിമിഷവും തങ്ങൾക്കു നേരെ തിരിഞ്ഞേക്കാമെന്ന ഭീതിയിൽ ഫിൻലൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാൻ തയാറെടുക്കുന്നു.

ഈ നീക്കത്തിൽ ക്ഷുഭിതരായ റഷ്യ കിഴക്കൻ യുക്രെയ്നിൽ ഭീതിതമായ ആക്രമണം നടത്തി. റഷ്യയുടെ പിടിയിൽ നിന്ന് കൂടുതൽ പ്രദേശങ്ങൾ മോചിപ്പിച്ച് യുക്രെയ്ൻ തിരിച്ചടിച്ചു. മുൻനിരയിലെ റഷ്യൻ സൈനികർക്ക് ആയുധങ്ങളും മറ്റും എത്തിക്കുന്നത് തടസ്സപ്പെടുത്തി.

താമസിയാതെ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിൻലൻഡിന്റെ പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് സ്വാഗതം ചെയ്തു. റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് യുക്രെയ്നിനെക്കാൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.