ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായതെന്ന് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയുണ്ടായ ചെറിയ തീപ്പിടിത്തം പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥരായ റോയല്‍ കരീബിയന്‍ കമ്പനി പ്രതിനിധി വ്യക്തമാക്കി. എന്നാല്‍ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല

അപകടത്തെ തുടര്‍ന്ന് കപ്പലിലെ വൈദ്യുതി ബന്ധത്തിന് തകരാറുണ്ടായെന്നും എന്നാല്‍ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തീപ്പിടുത്തത്തിന്റെ കാരണമോ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നോ കപ്പലിന്റെ കൃത്യമായ ലൊക്കേഷനോ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. അമേരിക്കയിലെ മയാമിയില്‍ നിന്നാണ് കപ്പല്‍ ആദ്യയാത്ര പുറപ്പെട്ടത്. ക്രൂസ് മാപ്പറിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ മെക്‌സിക്കോയിലാണ് കപ്പലുള്ളത്.