നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോഗിക്കടിയിൽ തീ, യാത്രക്കാരെ പുറത്തിറക്കി കെടുത്തി

പാലക്കാട്: എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോഗികളുടെ അടിയിൽ ചെറിയ തോതിലുള്ള തീ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടനെ തന്നെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീ അണയ്ക്കുകയായിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാമുദ്ദീൻ വരെ ട്രെയിൻ യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു. എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് റെയിൽവേ. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ – കണ്ണൂർ എക്സ്‌പ്രസ് ട്രെയിനിലെ ഡി വൺ കോച്ചിന് നേരെ ആക്രമണമുണ്ടായത്.

പ്രതിയായ ഷാരൂഖ് സെയ്‌ഫി ബോഗിയിൽ പെട്രോളൊഴിച്ചു തീയിടുകയായിരുന്നു. സ്ത്രീയും ബന്ധുവായ കുഞ്ഞുമടക്കം മൂന്ന് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീയിടുന്ന സംഭവവുംമാസങ്ങൾക്ക് മുൻപ് ഉണ്ടായി.